സമ്പൂർണ കാൻസർ പരിചരണ പദ്ധതിക്ക് തുടക്കം

കോഴിക്കോട്: ‘നമ്മുടെ കോഴിക്കോട് ‘ പദ്ധതിക്കു കീഴിൽ ജില്ലയിൽ സമ്പൂർണ ക്യാൻസർ പരിചരണ പദ്ധതിക്ക് തുടക്കമായി.

പദ്ധതിയുടെയും ഇതു സംബന്ധിച്ച് ആശാ വർക്കർമാർക്കുള്ള ബോധവൽകരണ പരിപാടിയുടെയും ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി ഓൺലൈനായി നിർവ്വഹിച്ചു.

സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഗർഭാശയഗള ക്യാൻസറിനെക്കുറിച്ച് ഫീൽഡ് തലത്തിൽ അവബോധം നൽകുന്നത് രോഗം നേരത്തെ കണ്ടു പിടിക്കുന്നതിനും ചികിത്സിച്ച് ഭേദമാക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പദ്ധതിയ്ക്ക് ജില്ലാ ഭരണകൂടത്തിൻ്റെ സഹായ സഹകരണങ്ങൾ ഉണ്ടാകുമെന്നും കലക്ടർ പറഞ്ഞു.

സ്തനാർബുദം, വായിലെ കാൻസർ, ഗർഭാശയഗള കാൻസർ എന്നിവ കണ്ടു പിടിക്കുകയും സമയബന്ധിതമായി ചികിത്സ ഉറപ്പു വരുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നാഷനൽ ഹെൽത്ത് മിഷനും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.രണ്ടു വർഷത്തെ പദ്ധതിയാണിത്.

ആശാ വർക്കർമാർക്കുള്ള സ്ക്രീനിംഗ് ടൂൾ കൊണ്ട് ഫീൽഡിൽ നിന്ന് കാൻസർ ലക്ഷണമുള്ളവരെ കണ്ടെത്തുകയും വിഐഎ പരിശോധനക്ക് വിധേയരാക്കുകയും ചെയ്യും. രോഗലക്ഷണം കണ്ടെത്തുന്നവരെ താലൂക്കടിസ്ഥാനത്തിൽ കെഎഫ്ഒജി യുടെ നേതൃത്വത്തിൽ പരിശോധിച്ച് ചികിത്സ ഉറപ്പു വരുത്തും.

ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ.ടി. മോഹൻദാസ്, മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. രാജേന്ദ്രൻ, ഡിപിഎം ഡോ. എ. നവീൻ, എൻസിഡി നോഡൽ ഓഫീസർ ഡോ. ബിപിൻ ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version