ന്യൂഡല്‍ഹി: അഴിമതി കേസുകളില്‍ നേരിട്ടുള്ള തെളിവില്ലെങ്കിലും നിയമ പ്രകാരം പൊതുപ്രവര്‍ത്തകരെ ശിക്ഷിക്കാമെന്ന് സുപ്രീം കോടതി.
കൈക്കൂലി വാങ്ങിയതിനോ ആവശ്യപ്പെട്ടതിനോ തെളിവില്ലെങ്കിലും അഴിമതിക്കാരെ സാഹചര്യ തെളിവുകള്‍ പരിഗണിച്ചും ശിക്ഷിക്കാമെന്നാണ് പരമോന്നത നീതിപീഠം വ്യക്തമാക്കിയിരിക്കുന്നത്.
ജസ്റ്റിസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റേതാണ് സുപ്രധാന വിധി. പരാതിക്കാരന്‍ മരിക്കുകയോ കൂറുമാറുകയോ ചെയ്തുവെന്ന കാരണത്താല്‍ പ്രതിയായ പൊതുപ്രവര്‍ത്തകന്‍ കുറ്റവിമുക്തനാവില്ല.
മറ്റ് രേഖകളുടേയും മൊഴികളുടേയും അടിസ്ഥാനത്തില്‍ വിചാരണ തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബി.ആര്‍ ഗവായ്, എ.എസ് ബൊപ്പെണ്ണ, വി.രാമസുബ്രമണ്യന്‍, ബി.വി നാഗരത്‌ന എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്.
അഴിമതി വന്‍തോതില്‍ ഭരണത്തെ ബാധിക്കുകയും സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയും ചെയ്യുന്നതിനാല്‍ കര്‍ശന നടപടി വേണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ആവശ്യപ്പെടാതെ ആരെങ്കിലും നല്‍കുന്ന കൈക്കൂലി പൊതുപ്രവര്‍ത്തകനോ ഉദ്യോഗസ്ഥനോ സ്വീകരിക്കുന്നതും കുറ്റകരമാണെന്നും ബെഞ്ച് വ്യക്തമാക്കി.