
തിരുവനന്തപുരം: വിൽപന നികുതി വർധന സംബന്ധിച്ച നിയമഭേദദഗതി ഫയലിൽ ഗവർണർ ഒപ്പിട്ടതിനു പിന്നാലെ സംസ്ഥാനത്തു വിൽപന നടത്തുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വില വർധിപ്പിച്ചു.
ബിവറേജസ് കോർപറേഷൻ, കണ്‍സ്യൂമർ ഫെഡ് ഔട്ട് ലൈറ്റുകൾ വഴി വിതരണം ചെയ്യുന്ന മദ്യത്തിന്റെ വിലയാണ് കൂട്ടിയത്.
ജനപ്രിയ ബ്രാൻഡുകളിൽ 10 മുതൽ 30 രൂപ വരെ വർധനയുണ്ട്. പ്രീമിയം ബ്രാൻഡുകളിൽ 100 രൂപയുടെ വരെ വർധനയുണ്ട്.
മദ്യത്തിന്റെ വിൽപന നികുതിയിൽ നാലു ശതമാനത്തിന്റെയും ബിവറേജസ് കോർപറേഷന്റെ കൈകാര്യച്ചെലവിനത്തിൽ ഒരു ശതമാനവും തുക വർധിപ്പിച്ചതോടെയാണു സംസ്ഥാനത്തു മദ്യത്തിന്റെ വില ഉയർന്നത്.
സർക്കാരിന്റെ ജവാൻ ബ്രാൻഡ് മദ്യത്തിന്റെ വില 30 രൂപ ഉയർന്നിരുന്നു. എന്നാൽ ഇത് കന്പ്യൂട്ടർ സംവിധാനത്തിൽ വന്ന സാങ്കേതിക പിഴവു മാത്രമാണെന്നു പിന്നീട് അധികൃതർ അറിയിച്ചു.
ബിയറിന്റെയും വൈനിന്റെയും വിലയും ഉയർത്തും. രണ്ടു ശതമാനം വീതമാണു വിൽപന നികുതി ഉയർത്തുക. ഇതു ഞായറാഴ്ച മുതൽ പ്രാബല്യത്തിലാകും.
പിണറായി സർക്കാർ അധികാരമേറ്റശേഷം മൂന്നാം തവണയാണു സംസ്ഥാനത്തു മദ്യത്തിന്റെ വില ഉയർത്തുന്നത്.