
തിരുവനന്തപുരം: 2020 മെയ് ആദ്യം മുതല്‍ 13 മാസത്തിനിടെ ലോകമെമ്പാടും നിന്ന് 15 ലക്ഷത്തോളം പ്രവാസികള്‍ കേരളത്തിലേക്ക് തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്.
ഇതില്‍ 10.45 ലക്ഷം പേര്‍ തൊഴില്‍ നഷ്ടമായാണ് നാട്ടിലേക്ക് തിരിച്ചെത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ രേഖകളെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ നാട്ടിലെത്തിയവരില്‍ എത്ര പേര്‍ തിരിച്ചുപോയി എന്നതില്‍ വ്യക്തതയില്ല.
കേരളത്തില്‍ നിന്ന് 20 ലക്ഷത്തിലധികം പേരാണ് വിദേശത്ത് ജോലി ചെയ്യുന്നത്. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ വരുമാനമാണ് നമ്മുടെ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലെന്ന് പറയുന്നത് തന്നെ.
നോര്‍ക്ക (ഡിപാര്‍ട്മെന്റ് ഓഫ് നോണ്‍ റസിഡന്‍ഡ് കേരളൈറ്റ് അഫയേഴ്സ്) യുടെ കണക്ക് പ്രകാരം 14,63,176 പേരാണ് 13 മാസത്തിനിടെ കേരളത്തില്‍ തിരിച്ചെത്തിയത്. ഇതില്‍ 70 ശതമാനം പേരും (10,45,288) തൊഴില്‍ നഷ്ടമായതിനെ തുടര്‍ന്നാണ് മടങ്ങിയെത്തിയത്.
2.90 ലക്ഷം പേര്‍ വിസാ കാലവധി തീര്‍ന്നതു കൊണ്ടാണ് നാട്ടിലേക്ക് മടങ്ങിയത്. കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍ എന്നിവരാണ് മറ്റുള്ളവര്‍. 2020 മെയ് ആദ്യ വാരം മുതല്‍ ഡിസംബര്‍ 31 വരെ 8.40 ലക്ഷം പ്രവാസികളാണ് തിരിച്ചെത്തിയത്.
അടുത്ത ആറു മാസത്തില്‍ തിരിച്ചെത്തിവരുടെ എണ്ണം ഇരട്ടിയായതായാണ് റിപ്പോര്‍ട്ട്.
ജൂണ്‍ 18 വരെ 14.63 ലക്ഷം പേരാണ് മടങ്ങിയെത്തിയത്. തിരിച്ചെത്തിയവരില്‍ 96 ശതമാനവും യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
യു.എ.ഇയില്‍ നിന്നു മാത്രം 8.67 ലക്ഷം പേര്‍ കേരളത്തില്‍ തിരികെയെത്തി. എന്നാല്‍, മറ്റു രാജ്യങ്ങളില്‍ നിന്ന് 55,960 പേര്‍ മാത്രമാണ് തിരിച്ചെത്തിയത്.
അതേസമയം, 10.45 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായെങ്കിലും വിദേശത്തെ തൊഴില്‍ നഷ്ടമായവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 5000 രൂപയുടെ ധനസഹായത്തിന് 1.70 ലക്ഷം പേര്‍ മാത്രമാണ് ഇതുവരെ അപേക്ഷിച്ചിട്ടുള്ളത്.
ഇതില്‍ 1.30 ലക്ഷം പേര്‍ക്ക് സഹായം നല്‍കിയിട്ടുണ്ടെന്നും നോര്‍ക്ക വൃത്തങ്ങള്‍ പറയുന്നു.