
ജനീവ: ആഗോള തലത്തിൽ കോവിഡ് 19 വൈറസ് തിരിച്ചുവരവിന്‍റെ കടുത്ത സൂചനകൾ കാണിച്ചു തുടങ്ങിയ സാഹചര്യത്തിൽ അതീവ ജാഗ്രതാ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ് മഹാമാരിയെക്കുറിച്ചു തെറ്റായ വിവരങ്ങൾ ഉൾപ്പെടെ പ്രചരിക്കുന്നതു കോവിഡ് തിരിച്ചുവരവിന് ആക്കം കൂട്ടുന്നുണ്ടെന്നു സംഘടന ചൂണ്ടിക്കാട്ടി.
കോവിഡ് മഹാമാരി എന്നത്തേക്കുമായി ശമിച്ചു, ഒമിക്രോൺ അതിന്‍റെ സൗമ്യ രൂപമാണ്, ഇതു കോവിഡിന്‍റെ അവസാനത്തെ വകഭേദമാണ്, ഇനി കാര്യമായി പേടിക്കാനില്ല തുടങ്ങിയ തരത്തിലുള്ള പ്രചാരണങ്ങൾ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും കോവിഡിന്‍റെ ഗൗരവം ആളുകൾ തിരിച്ചറിയാതെ പോകുന്നതിനും കാരണമാകുന്നുണ്ട്.
ഇത്തരം പ്രചാരണങ്ങൾ ജനങ്ങൾക്കിടയിൽ കടുത്ത ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്നും കോവിഡിന്‍റെ തിരിച്ചുവരവിന് ഇതു വഴിതെളിക്കുമെന്നും സംഘടന പറയുന്നു. കോവിഡ് വാക്സിനുകളുടെ ഗുണമാണ് സത്യത്തിൽ ഒമിക്രോൺ വകഭേദത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ ലോകത്തെ സഹായിച്ചത്.
BA.2 എന്ന വകഭേദമാണ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വ്യാപനശേഷി ഉള്ളതായി കാണുന്നത്. ധാരാളം കേസുകൾ ഉള്ളതിനാൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുകയും മരണസംഖ്യ അതുവഴി ഉയരാൻ ഇടയാക്കുകയും ചെയ്യുന്നു. – ലോകാരോഗ്യ സംഘടനയുടെ ടെക്നിക്കൽ വിഭാഗം പ്രതിനിധി മരിയ വാൻ കെർഖോവ് ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ കോവിഡ് പ്രതിവാര വ്യാപനത്തിൽ കേസുകളുടെ വർധന കണക്കിലെടുക്കാന്പോൾ കോവിഡ് മഹാമാരിയുടെ അവസാനം ഇനിയും അകലെയാണെന്നു ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
മുൻ ആഴ്ചയെ അപേക്ഷിച്ച് ആഗോളതലത്തിൽ പുതിയ അണുബാധകൾ എട്ടു ശതമാനം ഉയർന്നു. 11 ദശലക്ഷം പുതിയ കേസുകൾ. ദക്ഷിണ കൊറിയയും ചൈനയും ഉൾപ്പെടുന്ന ലോകാരോഗ്യ സംഘടനയുടെ പശ്ചിമ പസഫിക് മേഖലയിലാണ് ഏറ്റവും വലിയ കുതിപ്പ്, അവിടെ കേസുകൾ 25 ശതമാനവും മരണങ്ങൾ 27 ശതമാനവും ഉയർന്നു.
ഓസ്ട്രിയ, ജർമനി, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ മാർച്ച് ആദ്യം മുതൽ കേസ് ഉയരുന്നതിനാൽ യൂറോപ്പ് മറ്റൊരു കൊറോണ വൈറസ് തരംഗത്തെ അഭിമുഖീകരിക്കാൻ പോവുകയാണെന്ന ആശങ്ക വിദഗ്ധർ പങ്കുവച്ചിട്ടുണ്ട്.