
തിരുവനന്തപുരം: ജനുവരി മൂന്ന് മുതല്‍ ജില്ലയില്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും 15 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്കു രാവിലെ ഒമ്പത് മുതല്‍ മൂന്ന് മണി വരെ വാക്സിനേഷന്‍ നല്‍കും.
തുടര്‍ന്ന് എല്ലാ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഈ പ്രായക്കാര്‍ക്ക് മാത്രമായി വാക്സിനേഷന്‍ ഉണ്ടായിരിക്കും.
കൂടാതെ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പത്തു ആരോഗ്യ കേന്ദ്രങ്ങളില്‍ തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ ദിവസവും 15-18 വയസ്സ് വരെയുള്ളവര്‍ക്കു മാത്രമായി വാക്സിനേഷന്‍ നല്‍കുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
തിരുവനന്തപുരം ജനറല്‍ ആശുപത്രി, ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ്, പാങ്ങപ്പാറ IFHC, ഫോര്‍ട്ട് താലൂക്ക് ഹോസ്പിറ്റല്‍, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി, കേശവപുരം CHC, ചിറയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രി , ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രി, വര്‍ക്കല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി എന്നീ സ്ഥാപനങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഈ പത്തു സ്ഥാപനങ്ങള്‍ ഒഴികെ മറ്റ് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് തുടര്‍ ആഴ്ചകളില്‍ തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ വാക്സിനേഷന്‍ ഉണ്ടായിരിക്കുന്നതാണെന്നും ഡിഎംഒ അറിയിച്ചു.
പതിനഞ്ച് വയസു മുതല്‍ 18 വയസുവരെ ഉള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കും.
രജിസ്റ്റര്‍ ചെയ്യുന്നതിനായി www.cowin.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചു വ്യക്തിഗത വിവരങ്ങള്‍ നല്‍കേണ്ടതാണ്. കോവിന്‍ ആപ്പില്‍ മുന്‍പ് രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടില്‍ കൂടിയും രജിസ്റ്റര്‍ ചെയ്യാം. ജനുവരി മൂന്ന് മുതല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടത്തി രജിസ്റ്റര്‍ ചെയ്തും ലഭ്യതയ്ക്കനുസരിച്ചു വാക്സിന്‍ സ്വീകരിക്കാവുന്നതാണ്.