ന്യൂഡല്‍ഹി: രാജ്യത്ത് 12നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന് മാര്‍ച്ച് 16 മുതല്‍ നല്കി തുടങ്ങും. 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസുകളും നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് വ്യക്തമാക്കി.
60 വയസു പിന്നിട്ട എല്ലാവര്ക്കും ഇനി ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കാം. ഹൈദരാബാദിലെ ബയോളജിക്കല്‍ ഇവാന്‍സ് കമ്പനി നിര്‍മിച്ച കോര്‍ബെവാക്സ് വാക്സിനാണ് കുത്തിവയ്ക്കുക. കുട്ടികള്‍ സുരക്ഷിതരാണെങ്കില്‍ രാജ്യവും സുരക്ഷിതമാണെന്നും കേന്ദ്രമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
12-13 നും 13-14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മാര്‍ച്ച് 16 മുതല്‍ വാക്സിന് നല്‍കുമെന്ന് ഞാന്‍ സന്തോഷത്തോടെ അറിയിക്കുകയാണ്. കുട്ടികളുടെ കുടുംബാംഗങ്ങളും 60 വയസിനു മുകളില്‍ പ്രായമുള്ളവരും വാക്സിന് എടുക്കണം കേന്ദ്രമന്ത്രി വ്യക്തമാക്കി. 14 വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സീന് വിതരണം നേരത്തേ ആരംഭിച്ചിരുന്നു.
12 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
12 മുതൽ 14 വയസുവരെ 15 ലക്ഷത്തോളം കുട്ടികളുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. വാക്സിനെടുക്കാനുള്ള കേന്ദ്രത്തിന്റെ പ്രൊജക്ടഡ് പോപ്പുലേഷനനുസരിച്ച് ഇത് മാറാൻ സാധ്യതയുണ്ട്.
കുട്ടികൾക്കായുള്ള 10,24,700 ഡോസ് കോർബിവാക്സ് വാക്സിൻ സംസ്ഥാനത്ത് ലഭ്യമാക്കിയിട്ടുണ്ട്. എറണാകുളം 4,03,200 ഡോസ്, കോഴിക്കോട് 2,74,500 ഡോസ്, തിരുവനന്തപുരം 3,47,000 ഡോസ് എന്നിങ്ങനെയാണ് വാക്സിൻ ലഭ്യമായത്.