ലണ്ടൻ: ലോകത്തിലേറ്റവുമധികം പണം സന്പാദിക്കുന്ന ഫുട്ബോളറായി മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ.
ഫോർബ്സ് മാസിക പുറത്തുവിട്ട പുതിയ കണക്കാണിത്. 921 കോടി രൂപയാണ് റൊണാൾഡോയുടെ 2020-21 സീസണിലെ സന്പാദ്യം.
ഇതിൽ 516 കോടി രൂപ ശന്പളത്തിലൂടെയും ബോണസിലൂടെയും ലഭിച്ചു. ബാക്കിയുള്ള തുക പരസ്യങ്ങളിൽനിന്നും.
പിഎസ്ജിയുടെ അർജന്റൈൻ താരം ലയണൽ മെസിക്കാണ് രണ്ടാം സ്ഥാനം- 810 കോടി രൂപ. ഇതിൽ 552 കോടി രൂപ ശന്പളവും ബാക്കി തുക പരസ്യവരുമാനവുമാണ്.
പിഎസ്ജിയുടെ ബ്രസീൽ സൂപ്പർ താരം നെയ്മർ (700 കോടി രൂപ), ഫ്രഞ്ച് താരം കൈലിയൻ എംബാപ്പെ (317 കോടി രൂപ) എന്നിവരാണു മൂന്നും നാലും സ്ഥാനങ്ങളിൽ.
പതിനാറാം വയസിൽ പോർച്ചുഗൽ ക്ലബ്ബായ സ്പോർട്ടിംഗ് സിപിയുടെ ബി ടീമിൽനിന്നു സീനിയർ ടീമിലേക്കു സ്ഥാനക്കയറ്റം ലഭിച്ച പ്രഗല്ഭനാണ് റൊണാൾഡോ.
2002-03 കാലഘട്ടത്തിൽ സ്പോർട്ടിംഗിനായി കളിച്ച റൊണാൾഡോയെ ഇംഗ്ലീഷ് വന്പൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച മാനേജരായ അലക്സ് ഫെർഗൂസൻ റാഞ്ചി.
സ്പോർട്ടിംഗുമായുള്ള സൗഹൃദ മത്സരത്തിൽ റൊണാൾഡോയുടെ മിന്നും പ്രകടനം കണ്ട് അന്തംവിട്ടായിരുന്നു അത്. കൗമാരക്കാരനായ റൊണാൾഡോയെ ലോണിൽ എടുക്കാമെന്ന് ആദ്യം വിചാരിച്ചെങ്കിലും ഫെർഗി പണമെറിഞ്ഞ് സ്വന്തമാക്കി.
2003 മുതൽ 2009വരെയുള്ള യുണൈറ്റഡ് ജീവിതത്തിനുശേഷം അക്കാലത്തെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയിലൂടെ സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡിൽ. 2018ൽ റയലിനോടു വിടപറഞ്ഞ് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിൽ ചേക്കേറി.