മാഞ്ചസ്റ്റർ: ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റിക്കാർഡ് സ്വന്തമാക്കി ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അതും ഹാട്രിക് നേട്ടത്തോടെ.
പ്രീമിയർ ലീഗിൽ ടോട്ടനത്തിനെതിരെ ഹാട്രിക് നേടിയ റൊണാൾഡോ രാജ്യത്തിനും ക്ലബിനുമായി ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്ത താരമായി. കരിയറിൽ 807 ഗോൾ പേരിൽ കുറിച്ച റൊണാൾഡോ 805 ഗോളുകൾ നേടിയ ഓസ്ട്രിയൻ ഇതിഹാസം ജോസഫ് ബിക്കനെയാണ് മറികടന്നത്.
പോർച്ചുഗീസ് ക്ലബായ സ്പോർട്ടിംഗ് സിപിയിലൂടെ കരിയർ തുടങ്ങിയ റൊണാൾഡോ അവർക്ക് വേണ്ടി അഞ്ച് ഗോളുകളാണ് അടിച്ചത്. പിനീട്, 2003ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ പോർച്ചുഗീസ് താരം, ക്ലബിനായി ആറ് സീസണിലായി 118 ഗോളുകൾ നേടി. 2009ൽ റയൽ മാഡ്രിഡിൽ എത്തിയ റൊണാൾഡോ ഒൻപത് സീസണുകളാണ് മാഡ്രിഡിൽ കളിച്ചത്. 450 ഗോളുകളാണ് റയലിനായി അടിച്ചുകൂട്ടിയത്.
2018ൽ റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് പോയ റൊണാൾഡോ ഇറ്റാലിയൻ ക്ലബിന് വേണ്ടി 134 മത്സരങ്ങളിൽ നിന്ന് 101 ഗോളുകൾ നേടി. ഈ സിസണിൽ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ, 17 തവണയാണ് ചുവന്ന ചെകുത്താന്മാർക്ക് വേണ്ടി ഗോൾവല ചലിപ്പിച്ചത്.
പോർച്ചുഗൽ സീനിയർ ടീമിന് വേണ്ടി 2003ൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ, 184 മത്സരങ്ങളിൽ നിന്ന് 115 ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പുരുഷതാരമെന്ന റിക്കാർഡും റൊണാൾഡോയുടെ പേരിലാണ്.