മാഞ്ചസ്റ്റർ: 12 വർഷത്തിനുശേഷം ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവ് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആഘോഷമാക്കി.
റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂകാസിലിനെ 4-1ന് പരാജയപ്പെടുത്തി. വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ഒന്നാമതും എത്തി.
ആദ്യ പകുതിയുടെ അവസാന നിമിഷമാണ് എവരും കാത്തിരുന്ന നിമിഷം എത്തിയത്. റൊണാൾഡോയുടെ ഗോൾ.
ന്യൂകാസിൽ കീപ്പർ വുഡ്മാന്റെ കൈയിൽനിന്നും വഴുതിപ്പോയ പന്ത് വലയിലേക്ക് തട്ടിയിട്ടു കൊണ്ട് റൊണാൾഡോ തന്റെ തിരിച്ചുവരവ് അറിയിച്ചു.
56-ാം മിനിറ്റിൽ മക്സിമിന്റെ പാസിൽ നിന്ന് മക്വിലോ ന്യൂകാസിലിനായി ഗോൾ കണ്ടെത്തി. പക്ഷെ യുണൈറ്റഡ് പതറിയില്ല. 62-ാം മിനിറ്റിൽ റൊണോൾഡോ വീണ്ടും ന്യൂകാസിലിന്റെ വല കുലുക്കി. 80-ാം മിനിറ്റിൽ ബ്രൂണോയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലീഡ് ഉയർത്തി.
92-ാം മിനിറ്റിൽ ലിംഗാർഡിലൂടെ യുണൈറ്റഡ് നാലാം ഗോളും നേടി. ഈ ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഗിൽ നാലു മത്സരങ്ങളിൽ നിന്ന് 10 പോയിന്റായി.
ഫുട്ബോൾ ലോകവും ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരും ഇതോടെ ആഘോഷത്തിലാണ്.