
തിരുവനന്തപുരം: കുട്ടികളുടെ സന്തോഷ സൂചകം പരിഗണിച്ച് പ്രീപ്രൈമറി തലം മുതൽ സംസ്ഥാനത്തെ കരിക്കുലം പരിഷ്കരിക്കണമെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായൺ.
നിയമസഭയിൽ വിദ്യാഭ്യാസ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകത്തിന് തന്നെ മാതൃകയായി ആദ്യമായി കേരളത്തിൽ പരിഷ്കരിക്കണം നടപ്പിലാക്കണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.
കേരളത്തിലെ വിദ്യാഭ്യാസ രംഗം മോണ്ടിസറി വിദ്യാഭ്യാസവുമായി കൂട്ടിച്ചേർത്ത് ഗുണനിലവാരമുള്ളതാക്കി മാറ്റണം. ആഗോളതലത്തിൽ വിദ്യാഭ്യാസ തകർച്ച ഉണ്ടായപ്പോൾ പോലും കേരളം പിടിച്ചു നിന്ന കാഴ്ചയാണ് കാണാനായത്.
കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് പുതിയ ദിശയും തലവും നൽകുവാൻ നോളജ് എക്കോണമി പോലുള്ള നവീന ആശയങ്ങൾ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പിലാക്കണം.
നോളജ് എക്കണോമിക്ക് ആധാര പ്രേരണയാകേണ്ട സർവ്വകലാശാലകൾ ഇന്ന് പരീക്ഷ നടത്തിപ്പിലും സർട്ടിഫിക്കറ്റ് നൽകുന്നതിലും മാത്രം പരിമിതപ്പെടുകയാണ്. അത് മാറി ജ്ഞാനോൽപ്പാദന കേന്ദ്രങ്ങളായി സർവ്വകലാശാലയക്ക് മാറുവാൻ കഴിയണം.
നാനോ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ ലോകമാകെ ഇപ്പോൾ നടപ്പിലാക്കി വരുന്ന പബ്ലിക് പോളിസിയിൽ പുതിയ കോഴ്സുകൾ ആരംഭിക്കണമെന്നുള്ള നിർദ്ദേശവും എംഎൽഎ മുന്നോട്ട് വെച്ചു.
കേരളത്തിലെ കുട്ടികളുടെ സ്കിൽ മെച്ചപ്പെടുത്താനുള്ള പദ്ധതി ആവിഷ്കരിക്കണം.
ബാങ്കുകളിൽ ബിടെക്ക് കാരനും ആയുർവേദ ഫാർമസി കഴിഞ്ഞയാൾ സെയിൽസ് ഗേളായി പോകുന്നതുമൊക്കെയാണ് കാണുന്നത്. അത് മാറി നമ്മുടെ കുട്ടികളുടെ പഠനവും സ്കില്ലുമായി ഒരു ലിങ്കേജ് ഇല്ലായ്മ പരിഹരിച്ച് അവർക്ക് അർഹമായ തൊഴിലും കണ്ടെത്തി നൽകണം.
കേരളത്തിലെ മുഴുവൻ കുട്ടികളുടേയും അഭിരുചി കണ്ടെത്തുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കണമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ഒളിമ്പിക്സിൽ പങ്കെടുത്ത ഹോക്കി താരം ശ്രീജേഷ് ആദ്യം പരിശീലിച്ചത് വോളിബോൾ ആയിരുന്നു. പിന്നേട് അദ്ദേഹത്തിന്റെ കോച്ചാണ് ഹോക്കിയിലേക്ക് വഴി തിരിച്ച് വിട്ടത്. അതിനർത്ഥം അഭിരുചിയാണ് പ്രധാനം. ഇനിയും നമ്മുടെ കുട്ടികളുടെ അഭിരുചി കണ്ടെത്താനായിട്ടില്ല. അത് അത്യാവശ്യവുമാണ്.
കൊവിഡ് ശേഷം സ്കൂൾ തുറക്കുമ്പോൾ അധ്യാപനത്തിലും മാറ്റണം വരുത്തണം. അധ്യാപനം സർഗാത്കമാകണം . അധ്യാപനത്തിനുള്ള ഗവേഷണവും മെച്ചപ്പെണം. ഡയറ്റുകളുടെ പ്രവർത്തനം കുറച്ച് കൂടി മെച്ചപ്പെടുത്തുകയും വേണം.
കേരളത്തിൽ എല്ലാവർഷവും ഫിലിം ഫെസ്റ്റിവൽ നടത്തുന്നതു പോലെ ഒരു അന്താരാഷ്ട്ര സാംസ്കാരിക ഉത്സവം നടത്തണം. അതിലൂടെ സാംസ്കാരി മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനാകുമെന്നും എംഎൽഎ പറഞ്ഞു.
റാന്നിയിൽ ഒരു നോളജ് വില്ലേജ് അനുവദിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.