
കൊച്ചി: സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (HUID) മുദ്ര പതിക്കുന്നതിലെ കാലതാമസം സ്വര്ണവ്യാപാരത്തിനു പ്രതിസന്ധിയാകുന്നു.
ദിവസേന ആയിരക്കണക്കിനു സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക് ചെയ്തു കൊണ്ടിരുന്ന സെന്ററുകള്‍ക്ക് ഇപ്പോള്‍ പ്രതിദിനം നൂറെണ്ണം പോലും യുഐഡി പതിച്ചു നല്കാന് കഴിയുന്നില്ലെന്നു വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ 73 ഹാള്‍മാര്‍ക്കിംഗ് സെന്ററുകളില്‍ രാവിലെ ആഭരണങ്ങള്‍ നല്കിയാല് വൈകുന്നതിനു മുമ്പ് മുദ്ര ചെയ്തു നല്‍കുമായിരുന്നു.
എന്നാലിപ്പോള്‍ മൂന്നു ദിവസം വരെ യുഐഡി മുദ്ര ചെയ്യുന്നതിന് കാലതാമസം വരുമെന്നാണ് ഹാള്‍ മാര്‍ക്കിംഗ് സെന്ററുകള്‍ പറയുന്നത്.
ജൂലൈ ഒന്നു മുതലാണ് HUID നിര്‍ബന്ധമാക്കിയത്. കഴിഞ്ഞ 20 ദിവസമായി ഒരു ഹാള്‍മാര്‍ക്കിംഗ് സെന്ററുകളും യുഐഡി പതിച്ചു നല്‍കുന്നില്ല.
സെര്‍വര്‍ ഡൗണ്‍ ആണ്, സോഫ്റ്റ്വേര്‍ ശരിയാകുന്നില്ല തുടങ്ങിയ കാരണങ്ങളാണ് ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ പറയുന്നത്.
സിഡാക് എന്ന സ്ഥാപനമാണ് HUIDക്കു വേണ്ടി സോഫ്റ്റ് വേര് നിര്‍മിച്ചിട്ടുള്ളത്.
മിക്ക ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങളും വലിയ അളവില്‍ മുദ്ര പതിച്ചു നല്‍കിയിരുന്നത് ഇപ്പോള്‍ കുറഞ്ഞു.
യുഐഡി മുദ്ര ചെയ്യുന്നതിലെ കാലതാമസം വ്യാപാരത്തെ സാരമായി ബാധിക്കുമെന്ന് ഓള് ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക്ക് കൗണ്‍സില്‍ (ജിജെസി) ദേശീയ ഡയറക്ടറും ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്(എകെജിഎസ്എംഎ) സംസ്ഥാന ട്രഷററുമായ അഡ്വ. എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.