സ്വര്‍ണത്തിന്റെ ഡിമാന്റ് കുറഞ്ഞു; കരുതല്‍ ശേഖരം ഉയര്‍ത്തി ആര്‍ബിഐ

മുംബൈ: രാജ്യത്ത് സ്വര്‍ണ വില കുതിക്കുമ്പോള്‍ സ്വര്‍ണത്തിന്റെ ആവശ്യകത കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയില്‍.

2023 മാര്‍ച്ച് പാദത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 112 ടണ്ണായിരുന്നു. പതിനേഴ് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ല്‍ ഇതേസമയം 135 ടണ്‍ ആയിരുന്നു ഡിമാന്‍ഡ്.

2020 ലെ കോവിഡ് കാലയളവ് മാറ്റി നിര്‍ത്തിയാല്‍ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ഡിമാന്‍ഡാണിത്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണ ഡിമാന്‍ഡ് ഒമ്പത് ശതമാനം ഇടിഞ്ഞ് 56,220 കോടി രൂപയായി കുറഞ്ഞു.

സ്വര്‍ണ ആഭരണ വിപണിയിലും ഡിമാന്‍ഡ് കുറവാണ്. ആഭരണങ്ങള്‍ക്കുള്ള ഡിമാന്‍ഡും ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്. ആഭരണ ഡിമാന്‍ഡ് മുന്‍ വര്‍ഷത്തെ 94 ടണ്ണില്‍ നിന്ന് 78 ടണ്‍ ആയി കുറഞ്ഞു.

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 428 കോടി രൂപയുടെ വില്‍പ്പനയുണ്ടായിരുന്നത് 390 കോടി രൂപയായി. നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നതിലും കുറവു വന്നു. കഴിഞ്ഞ വര്‍ഷം 41 ടണ്‍ സ്വര്‍ണം നിക്ഷേപിച്ച സ്ഥാനത്ത് മാര്‍ച്ച് പാദത്തില്‍ 34 ടണ്‍ മാത്രമാണ് നിക്ഷേപത്തിനായി വാങ്ങിയത്.

അതേസമയം രാജ്യത്തിന് സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങുന്നത് തുടരുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ആര്‍.ബി.ഐ സ്വര്‍ണ ശേഖരം ഉയര്‍ത്തുന്നുണ്ട്.

സിംഗപ്പൂര്‍, ചൈന, തുര്‍ക്കി, റഷ്യ തുടങ്ങിയവയുടെ സെന്‍ട്രല്‍ ബാങ്കുകള്‍ക്കൊപ്പം ചേര്‍ന്ന് ഇന്ത്യ 796 ടണ്‍ സ്വര്‍ണമാണ് ഇക്കാലയളവില്‍ വാങ്ങിയത്.

Exit mobile version