ഡിജിറ്റല്‍ രൂപ ഇന്ന് മുതല്‍: ആദ്യ ഘട്ടത്തില്‍ നാല് നഗരങ്ങളില്‍

ന്യൂഡല്‍ഹി: പേയ്‌മെന്റ് ഇടപാടുകള്‍ കൂടുതല്‍ സുഗമവും വേഗത്തിലുമാക്കാന്‍ ഇന്ത്യ അവതരിപ്പിക്കുന്ന ഡിജിറ്റല്‍ രൂപയായ ‘ഇ-റുപ്പി’ ഇന്ന് മുതൽ.

പരീക്ഷണമെന്ന നിലയില്‍ ആദ്യ ഘട്ടത്തില്‍ നാല് നഗരങ്ങളിലാകും നടപ്പാക്കുക. പിന്നീട് കൊച്ചി ഉള്‍പ്പടെ ഒന്‍പത് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.

നിലവിലെ കറന്‍സി നോട്ടുകള്‍ക്ക് പുറമെയായിരിക്കും ഇ-റുപ്പി വിനിമയം. കറന്‍സിയും നാണയങ്ങളും വിതരണം ചെയ്യുന്ന അതേ മൂല്യത്തില്‍ തന്നെ ഡിജിറ്റല്‍ രൂപയും പുറത്തിറക്കുക. ഇത് രാജ്യത്തെ തിരഞ്ഞെടുത്ത ബാങ്കുകള്‍ വഴി വിതരണം ചെയ്യും.

ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന വാലറ്റ് വഴിയാണ് ഡിജിറ്റല്‍ രൂപ ലഭിക്കുന്നത്. ഇത് ഉപയോഗിച്ച് ഇടപാടുകള്‍ വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്കും വ്യക്തിയില്‍ നിന്ന് വ്യാപാരിയിലേക്കും നടത്താന്‍ കഴിയുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

ഡല്‍ഹി, മുംബൈ, ബംഗളൂരു, ഭുവനേശ്വര്‍ തുടങ്ങിയ തിരഞ്ഞെടുത്ത നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഇ-റുപ്പി പുറത്തിറക്കുന്നത്. പൈലറ്റ് ലോഞ്ചിനായി എട്ട് ബാങ്കുകളെ ആര്‍ബിഐ തിരഞ്ഞെടുത്തിട്ടുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ബാങ്ക് എന്നീ നാല് ബാങ്കുകളുമായി ആദ്യ ഘട്ടം ആരംഭിക്കും. പിന്നീട് ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ ഈ പൈലറ്റില്‍ ഉള്‍പ്പെടുത്തും.

ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെ ക്രിപ്‌റ്റോ കറന്‍സികള്‍ ലോകമെമ്പാടും പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ഡിജിറ്റല്‍ കറന്‍സിയെക്കുറിച്ച് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ചിന്തിക്കാന്‍ തുടങ്ങിയത്.

66 രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുന്നതിനുള്ള പരീക്ഷണത്തിലാണ്. ഇതിനിടെയാണ് ആര്‍ബിഐ ഇ-റുപ്പി പുറത്തിറക്കുന്ന പ്രഖ്യാപനം നടത്തിയത്.

Related Articles

Back to top button