ഇടിച്ച് പപ്പടമാക്കാനും അറിയാം ഈ ജില്ലാ കളക്ടര്‍ക്ക്

പത്തനംതിട്ട: ജില്ല ഭരിക്കാന്‍ മാത്രമല്ല വേണ്ടി വന്നാല്‍ ഇടിച്ച് പപ്പടമാക്കാനും ഈ ജില്ലാ കളക്ടര്‍ക്ക് അറിയാം. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ പൊലീസ് വകുപ്പ് സ്വയംപ്രതിരോധത്തിന് സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്ന രീതിയിലുള്ള സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മേളയുടെ വിലയിരുത്തലിന് ജില്ലാ സ്റ്റേഡിയത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ എത്തിയപ്പോഴായിരുന്നു വനിതാ പൊലീസുകാര്‍ പരിശീലനത്തിനായി കളക്ടറെ ക്ഷണിച്ചത്.

ഒരുമടിയും കൂടാതെ സ്റ്റാളിലേക്ക് എത്തിയ കളക്ടര്‍ അവിടെ നിന്ന് പൊലീസുകാരെ പോലും വെല്ലുന്ന മികച്ച പ്രകടനമായിരുന്നു കാഴ്ച വച്ചത്. പെട്ടെന്നുണ്ടാകുന്ന ആക്രമണത്തില്‍ നിന്ന് രക്ഷ നേടുന്നതിനുള്ള ചില പൊടിക്കൈകളായിരുന്നു വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ കളക്ടറെ പരിശീലിപ്പിച്ചത്.

എന്നാല്‍, വിദഗ്ദ്ധ പരിശീലനം സിദ്ധിച്ചവരെ പോലെയുള്ള കളക്ടറിന്റെ പ്രകടനത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ വനിതാ പൊലീസുദ്യോഗസ്ഥര്‍ പോലും ഞെട്ടി. കണ്ട് നിന്നവരാകട്ടെ നിറഞ്ഞ കെയ്യടികളോടെയാണ് ജില്ലാ കളക്ടറെ അഭിനന്ദിച്ചത്.

വനിതാസെല്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഉദയമ്മയുടെ നേതൃത്വത്തില്‍ സിന്‍സി പി അസീസ്, കെ.എന്‍ ഉഷ, ബി.ലേഖ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

Related Articles

Back to top button