സംസ്ഥാനത്ത് ഇന്ന് മുതല്‍ കുടിവെള്ള നിരക്ക് വര്‍ധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ കുടിവെള്ള നിരക്ക് ഇന്ന് നിലവില്‍ വരും. അടിസ്ഥാന നിരക്കിന്റെ അഞ്ചു ശതമാനമാണ് വര്‍ധിപ്പിക്കുന്നത്. വര്‍ധനവ് ഗാര്‍ഹികേതര, വ്യവസായ ഉപയോക്താക്കളെ ബാധിക്കും.

വര്‍ധനവ് ഉണ്ടാകുന്നതോടെ ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് നാലു രൂപ 41 പൈസയാണ് നല്‍കേണ്ടി വരുന്നത്. നിലവിലെ നിരക്ക് നാലു രൂപ 20 പൈസ ആണ്. ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനം നിരക്ക് വര്‍ധനയാണ് ജല അതോറിറ്റി വരുത്തിയിരിക്കുന്നത്.

5000 ലിറ്റര്‍ വരെ വെള്ളത്തിന് മിനിമം നിരക്ക് 22.05 രൂപയാകും. നിലവിലേത് 21 രൂപയാണ്. പ്രതിമാസം പതിനായിരം ലിറ്ററിന് മുകളില്‍ ഉപയോഗിക്കുന്നതിന് ഏഴ് സ്ലാബ് അടിസ്ഥാനമാക്കി ബില്ലില്‍ അഞ്ച് ശതമാനം വര്‍ധനവുണ്ടാകും.

ആയിരം ലിറ്ററിന് 5.51 പൈസ മുകല്‍ 15 രൂപ 44 പൈസ വരെയാണ് വര്‍ധിക്കുക. പ്രതിമാസം 15,000 ലിറ്റര്‍ വരെ ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യം തുടരും. ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് ആയിരം ലിറ്ററിന് 15 രൂപ 75 പൈസയായിരുന്നത് 16 രൂപ 54 രൂപയായി വര്‍ധിക്കും.

വ്യാവസായിക കണക്ഷനുകള്‍ക്ക് ആയിരം ലിറ്ററിന് 44.10 രൂപയാണ് പുതിയ നിരക്ക്. ഇനി മുതല്‍ എല്ലാ വര്‍ഷവും ഏപ്രിലിന്റെ കുടിവെള്ളത്തിന്റെ നിരക്ക് വര്‍ധിക്കും. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് വര്‍ധനവ്.

Related Articles

Back to top button