ബീച്ചുകളിൽ അപകട സാധ്യതാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് ഡിടിപിസി

എറണാകുളം: കടലിൽ മുങ്ങി മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ബീച്ചുകളിൽ അപകട സാധ്യതാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡിടിപിസി).

ചെറായി, കുഴുപ്പിള്ളി, മുനമ്പം, അംബേദ്കർ, ചാമുണ്ഡേശ്വരി ബീച്ചുകളിലാണ് ഡിടിപിസി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത്.

വൈപ്പിൻ ദ്വീപിൽ കഴിഞ്ഞ ദിവസങ്ങളിലായി മൂന്നുപേർ കടലിൽ അപകടത്തിൽപ്പെട്ട സാഹചര്യത്തിലാണ് ടൂറിസം വകുപ്പ് കർശന ക്രമീകരണങ്ങളൊരുക്കുന്നത്.

വളപ്പ്, ചെറായി, പുതുവൈപ്പ് ബീച്ചുകളിൽ നിന്ന് മൂന്നു പേരെയാണ് കടലിൽ കാണാതായത്. മൂന്നു പേരുടെയും മൃതദേഹങ്ങൾ പിന്നീട് കണ്ടെത്തി.

ബീച്ചുകളിൽ ആവർത്തിക്കുന്ന അപകടങ്ങളും മരണവും തടയുന്നതിന് ശക്തമായ നടപടി ആവശ്യപ്പെട്ട് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നൽകിയ കത്തിനെത്തുടർന്ന് യുക്തമായ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ടൂറിസം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.

Exit mobile version