
തിരുവനന്തപുരം: വൈദ്യുതി നിരക്ക് 6.6 ശതമാനം വർധിപ്പിച്ചു. അതേസമയം പ്രതിമാസം 50 യൂണിറ്റ് വരെ വർധനയില്ല. 51 മുതൽ 150 യൂണിറ്റ് വരെയുള്ളവർക്ക് 25 പൈസയുടെ വർധന ഉണ്ടാകുമെന്നും റെഗുലേറ്ററി കമ്മീഷൻ അറിയിച്ചു.
2022-2023 വരെയുള്ള വൈദ്യുതി നിരക്കാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1,000 വാട്ട് കണക്ടഡ് ലോജുകൾക്ക് വർധനയില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും നിരക്ക് കൂട്ടില്ലെന്ന് കമ്മീഷൻ അറിയിച്ചു.
എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് താരിഫ് പരിഷ്കരണം. കോവിഡ് സാഹചര്യത്തിലെ ബുദ്ധിമുട്ടുകൾ പരിഗണിച്ചിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.
1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ള വരുമായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ധന ഇല്ല. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അംഗന്‍വാടികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് താരിഫ് വര്‍ധനവില്ല.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 1000 വാട്ട് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളില്‍ ക്യാന്‍സര്‍ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കില്‍ താരിഫ് വര്‍ധനവില്ല. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ നിരക്ക് നിലനിര്‍ത്തി.
ചെറിയ പെട്ടികടകള്‍, ബാങ്കുകള്‍, തട്ടുകടകള്‍ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 1000 വാട്ടില്‍നിന്നു 2000 വാട്ടായി വര്‍ധിപ്പിച്ചു. ഏകദേശം 5.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നും കമ്മീഷൻ അറിയിച്ചു.