വാഷിംഗ്ടൺ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ ഇനി ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്കിന് സ്വന്തം. 3.67 ലക്ഷം കോടി രൂപയെന്ന (4400 കോടി ഡോളർ) മോഹവിലയ്ക്ക് കമ്പനി ഏറ്റെടുക്കാൻ കരാർ ഒപ്പുവച്ചു. ഒരു ഓഹരിക്ക് 54.20 യുഎസ് ഡോളർ നൽകിയാണ് ഏറ്റെടുക്കൽ.
മസ്കിന്‍റെ ഏറ്റെടുക്കൽ പദ്ധതി ഐകകണ്ഠ്യേനയാണ് ട്വിറ്റർ കന്പനി ബോർഡ് അംഗീകരിച്ചത്. ട്വിറ്റർ ഏറ്റെടുക്കൽ ഇടപാടുമായി ചർച്ച തുടങ്ങിയതോടെ ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയപ്പോൾ ട്വിറ്റർ ഇങ്കിന്‍റെ ഓഹരികൾ അഞ്ച് ശതമാനം ഉയർന്നിരുന്നു. കരാർ സംബന്ധിച്ച് ഓഹരി ഉടമകളുടെ കൂടെ അഭിപ്രായം തേടാനാണ് ട്വിറ്റർ കമ്പനി ബോർഡിന്‍റെ തീരുമാനമെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
ഫോർബ്സിന്‍റെ കണക്കനുസരിച്ച്, ഏകദേശം 279 ബില്യണ്‍ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മസ്ക്. എന്നാൽ അദ്ദേഹത്തിന്‍റെ പണത്തിന്‍റെ ഭൂരിഭാഗവും ടെസ്ല സ്റ്റോക്കിലാണ്. കന്പനിയുടെ ഏകദേശം 17 ശതമാനം മസ്കിനു സ്വന്തമായുണ്ട്. കൂടാതെ സ്വകാര്യ ബഹിരാകാശ കന്പനിയായ സ്പേസ് എക്സുംകൂടിവരുന്പോൽ അളവറ്റ സന്പത്താണ് മസ്കിന്‍റെ കൈവശമുള്ളത്.
ട്വിറ്റർ ഏറ്റെടുക്കൽ ഇടപാട് നഷ്ടപ്പെടുത്തിയാൽ വലിയൊരു അവസരമാണ് ട്വിറ്റർ ബോർഡിനു നഷ്ടപ്പെടുന്നതെന്ന സൂചന മസ്ക് നൽകിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാൻ ട്വിറ്റർ സ്വകാര്യ ആസ്തിയാകണമെന്നാണ് മസ്കിന്‍റെ വാദം. തന്‍റെ വിമർശകരും ട്വിറ്ററിൽ തുടരും എന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നാണ് മസ്ക് ഒടുവിൽ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.