കാലിഫോര്‍ണിയ: സാങ്കേതിക ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന, ടെസ്‌ലയുടെ യന്ത്രമനുഷ്യനെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച് സിഇഒ ഇലോണ്‍ മസ്‌ക്. വെള്ളിയാഴ്ച നടന്ന കമ്പനിയുടെ എഐ ഡേയിലാണ് ഹ്യൂമനോയിഡ് റോബോട്ടായ ഒപ്റ്റിമസിനെ മസ്‌ക് പരിചയപ്പെടുത്തിയത്.
സ്റ്റേജിലേക്ക് നടന്നെത്തിയ ഒപ്റ്റിമസ് കാണികളെ അഭിവാദ്യം ചെയ്യുകയും കൈവീശുകയും ചെയ്തു. കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോയിലെ ടെസ്‌ല ഓഫീസിലാണ് ചടങ്ങ് നടന്നത്.
പൂര്‍ണമായും നടക്കാനുള്ള ശേഷി ഒപ്റ്റിമസിന് ഇല്ല. അതേ സമയം ജോലികള്‍ ചെയ്യാന്‍ സാധിക്കുമെന്ന് മസ്‌ക് അറിയിച്ചു. ഒപ്റ്റിമസ് ചെടികള്‍ക്ക് വെള്ളം ഒഴിക്കുന്നതും പെട്ടി ചുമക്കുന്നതും ടെസ്ലയുടെ ഓഫീസില്‍ ജീവനക്കാര്‍ക്കൊപ്പം ഇടപഴകുന്നതും അടക്കമുള്ള വീഡിയോയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ഏകദേശം 6 അടിയാണ് പൊക്കം.
എത്രയും വേഗം, ഉപയോഗപ്രദമായ ഒരു ഹ്യൂമനോയിഡ് റോബോട്ടിനെ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മസ്‌ക് വ്യക്തമാക്കി. ഈ വര്‍ഷം തന്നെ സെല്‍ഫ് ഡ്രൈവിംഗ് ശേഷി പൂര്‍ണമായും ടെസ്ല നേടുമെന്നും 2024 ആകുമ്പോള്‍ റോബോടാക്സി അവതരിപ്പിക്കുമെന്നും ചടങ്ങില്‍ മസ്‌ക് പ്രഖ്യാപിച്ചു.