ആശുപത്രിയിൽ പോകാതെ  ഒപി ചികിത്സയ്ക്ക്‌  ഇ-സഞ്ജീവനി

കോട്ടയം: ആശുപത്രിയിൽ പോകാതെ ഓൺലൈനിൽ സൗജന്യമായി ചികിത്സ ലഭ്യമാകുന്ന സംവിധാനമാണ് ഇ-സഞ്ജീവനി.

കോവിഡ് ഒപി, ജനറൽ ഒപി, സ്പെഷലിസ്റ്റ് ഒപി എന്നീ  വിഭാഗങ്ങളിൽ ചികിത്സയ്ക്ക് എല്ലാ ദിവസവും ഡോക്ടർമാരുടെ സേവനം ഓൺലൈനിൽ ലഭിക്കും.

മൊബൈൽ ഫോണിൽ esanjeevaniOPD എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തോ www.esanjeevaniopd.in എന്ന പോർട്ടലിലൂടെയോ പ്രവേശിച്ച് വ്യക്തിഗതവിവരങ്ങളും മുൻ ചികിത്സാ റിപ്പോർട്ടുകളും പരിശോധന ഫലങ്ങളും നൽകി രജിസ്റ്റർ ചെയ്യണം.

തുടർന്ന് ടോക്കൺ നമ്പർ ലഭിക്കും. ലോഗിൻ ഓപ്ഷൻ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ടോക്കൺ നമ്പർ നൽകുമ്പോൾ എത്ര സമയത്തിനകം ഡോക്ടറുമായി സംസാരിക്കാൻ സാധിക്കും എന്ന വിവരം അറിയാനാകും.

ആ സമയത്ത് ഡോക്ടർ രോഗിയുമായി വീഡിയോ മുഖേന സംസാരിച്ച് ചികിത്സാ വിധികൾ നിർദ്ദേശിക്കും. ചികിത്സാ വിധി മൊബൈലിൽ അല്ലെങ്കിൽ കംപ്യൂട്ടറിൽ തന്നെ പി.ഡി.എഫ്. രൂപത്തിൽ അയച്ചു നൽകും.

കോവിഡ് രോഗികൾക്കുള്ള ഒ.പി. എല്ലാ ദിവസവും 24 മണിക്കൂറും ജനറൽ ഒ.പി. വിഭാഗം എല്ലാ ദിവസവും രാവിലെ എട്ടു മുതൽ വൈകിട്ട് എട്ട് വരെയും പ്രവർത്തിക്കും.

മാതൃ, ശിശുരോഗ വിഭാഗം, സർജറി, ജനറൽ മെഡിസിൻ, , പാലിയേറ്റീവ് കെയർ, മാനസിക രോഗചികിത്സ, ദന്ത ചികിത്സ, നെഞ്ച് രോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ഹൃദ്രോഗ വിഭാഗം തുടങ്ങിയവ എല്ലാദിവസവും രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ ലഭ്യമാണ്.

മാനസിക രോഗചികിത്സ, കാൻസർ ചികിത്സ എന്നിവയ്ക്കു ബാംഗ്ലൂർ നിംഹാൻസ് തിരുവനന്തപുരം ആർ.സി.സി. എന്നിവയിൽനിന്നുള്ള വിദഗ്ധരുടെ സേവനവും ഇ-സഞ്ജീവനിയിൽ ലഭിക്കും.

https://esanjeevaniopd.in/Timings എന്ന ലിങ്കിൽ പ്രവേശിച്ച് കേരളം തെരഞ്ഞെടുത്താൽ മറ്റു വിദഗ്ധ ഒ.പി. സമയക്രമം അറിയാനാകും.

Exit mobile version