പട്ടിണി മാറാതെ ലോകം; ഓരോ നാല് സെക്കന്‍ഡിലും ഒരാള്‍ വിശന്ന് മരിക്കുന്നു

ജനീവ: ലോകത്ത് പട്ടിണി മൂലം ഓരോ നാല് സെക്കന്‍ഡിലും ഒരാള്‍ മരിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. ഓക്‌സ്ഫം, സേവ് ദി ചില്‍ഡ്രന്‍, പ്ലാന്‍ ഇന്റര്‍നാഷണല്‍ അടക്കമുള്ള 238 സംഘടനകള്‍ 75 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ ഗുരുതരമായ കണ്ടെത്തലുള്ളത്.

ആളുകള്‍ വിശന്ന് മരിക്കുന്നത് തടയാന്‍ അന്താരാഷ്ട്ര തലത്തില്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്ന് സംഘടനകള്‍ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. 45 രാജ്യങ്ങളിലായി 50 ലക്ഷം ആളുകള്‍ പട്ടിണിയുടെ വക്കിലാണെന്നും എന്‍ജിഒകള്‍ സംയുക്തമായി സമര്‍പ്പിച്ച കത്തില്‍ വ്യക്തമാക്കുന്നു. ഓരോ ദിവസവും 19,700 പേര്‍ പട്ടിണി മൂലം മരിക്കുന്നു.

345 ദശലക്ഷം പേരാണ് ഇപ്പോള്‍ കടുത്ത പട്ടിണി അനുഭവിക്കുന്നത്. 2019 നേക്കാള്‍ ഇരട്ടിയിലധികമാണിത്. 21-ാം നൂറ്റാണ്ടില്‍ ഇനി പട്ടിണി അനുവദിക്കില്ലെന്ന് ലോക നേതാക്കളുടെ വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആഫ്രിക്കന്‍ രാജ്യമായ സോമാലിയ ഇപ്പോഴും കടുത്ത പ്രതിസന്ധിയിലാണെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

കാര്‍ഷിക രംഗത്തടക്കം സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന ഈ 21-ാം നൂറ്റാണ്ടിലും പട്ടിണിയെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത് എന്നത് വളരെ ദയനീയമായ അവസ്ഥയാണെന്ന് കത്തില്‍ ഒപ്പിട്ടവരില്‍ ഒരാളായ യെമന്‍ ഫാമിലി കെയര്‍ അസോസിയേഷനില്‍ നിന്നുള്ള മൊഹന്ന അഹമ്മദ് അലി എല്‍ജബാലി പറഞ്ഞു.

ഈ അവസ്ഥ ഒരു രാജ്യത്തെയോ ഒരു ഭൂഖണ്ഡത്തെയോ കുറിച്ചുള്ളതല്ല. വിശപ്പിന് അങ്ങനെ വേര്‍തിരിവില്ല. മുഴുവന്‍ മനുഷ്യരാശിയും നേരിടേണ്ടി വരുന്ന അനീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version