ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ചു. ഇതിലൂടെ റോക്കറ്റുപോലെ കുതിച്ചുയരുന്ന ഇന്ധനവിലയിൽ നട്ടം തിരിയുന്ന സാധാരണക്കാരനു ചെറിയ ആശ്വാസമേകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.
പെട്രോളിനു ലിറ്ററിന് അഞ്ചു രൂപയും ഡീസലിനു പത്തു രൂപയുമാണു കുറച്ചത്. പുതുക്കിയ നിരക്ക് ബുധനാഴ്ച അർധരാത്രി പ്രാബല്യത്തിലായി.
വാറ്റ് നികുതി കുറച്ച് ഉപയോക്താക്കൾക്ക് ആശ്വാസമേകാൻ സംസ്ഥാനങ്ങളോടു കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
എക്സൈസ് നികുതി കുറച്ചത് രാജ്യത്തെ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ഗുണം ചെയ്യും. രാജ്യത്തെ ഇന്ധന ഉപയോഗം കൂടുകയും പണപ്പെരുപ്പം കുറയുകയും ചെയ്യും.
രാജ്യത്തെ സാന്പത്തികരംഗത്തിന് ഉണർവേകും. രാജ്യത്ത് ഊർജക്ഷാമം ഉണ്ടാകാതിരിക്കാനും ആവശ്യത്തിനു പെട്രോളും ഡീസലും ഉറപ്പുവരുത്താനും വേണ്ട നടപടികളെടുക്കും.
ഡീസൽ നികുതി കുറച്ചത്, വരുന്ന റാബി സീസണിൽ കർഷകർക്ക് ഏറെ ഗുണം ചെയ്യും- കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഇന്ധനവില ദിവസവും റിക്കാർഡിട്ട് കുതിക്കുന്നതിനെതിരേ രാജ്യത്തു വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷ കക്ഷികളെല്ലാം സർക്കാരിനെതിരേ രൂക്ഷവിമർശനമാണുയർത്തുന്നത്.
ഒക്ടോബറിൽ മാത്രം ഡീസൽ ലിറ്ററിന് 8.71 രൂപയും പെട്രോളിന് 7.82 രൂപയുമാണു വർധിച്ചത്. അന്താരാഷ്ട്ര വിലയിലുണ്ടായ വർധനയാണ് ഇന്ത്യയിൽ പ്രതിഫലിക്കുന്നതെന്നാണു കേന്ദ്രസർക്കാർ വാദിക്കുന്നത്.