കൊച്ചിയിലേക്ക് നേരിട്ടു കൂടുതൽ വിമാന സർവീസുകൾ വേണമെന്ന ആവശ്യം ശക്തമാകുന്നു

മെൽബൺ: വിദേശ രാജ്യങ്ങളിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ കൂടുതൽ വേണമെന്ന ആവശ്യം ശക്തമാകുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവുമധികം പ്രവാസികൾ ഉള്ള സംസ്ഥാനമാണ് കേരളം.

എന്നാൽ, ഈ പ്രവാസികൾക്ക് നാട്ടിലേക്ക് വരാനും തിരികെ പോകാനും ആവശ്യമായ സൗകര്യങ്ങൾ ഇല്ലെന്നാണ് പരാതി. ജിസിസി രാജ്യങ്ങള്‍ സിംഗപ്പൂർ, മലേഷ്യ തുടങ്ങി വളരെ കുറച്ചു രാജ്യങ്ങളിലേക്കാണ് കൊച്ചിയിൽ നിന്നും നേരിട്ട് സർവീസുകൾ ഉള്ളത്.

കുറച്ചു നാൾ മുൻപ് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്കും ആഴ്ചയിൽ മൂന്നു തവണ നേരിട്ടുള്ള സർവീസുകൾ ആരംഭിച്ചു. ഇത്തരത്തിൽ തുടങ്ങിയ എല്ലാ സർവീസുകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഇതുകൂടാതെ, സിഡ്നിയിൽ നിന്നും ബെംഗളൂരുവിലേക്ക് നേരിട്ടുള്ള സർവീസ് സെപ്റ്റംബറിൽ ആരംഭിക്കുകയാണ്. മികച്ച ബുക്കിങ്ങാണ് ഇതിന് ലഭിക്കുന്നത്.

എന്നാൽ, മലയാളികൾ ധാരാളമുള്ള യുഎസ്, ഓസ്ട്രേലിയ, മറ്റു യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ വേണമെന്നാണ് പ്രവാസികളുടെ ആവശ്യം.

നിലവിൽ മറ്റുരാജ്യങ്ങൾ വഴിയാണ് കേരളത്തിലേക്ക് എത്തുന്നത്. ഇത് സമയനഷ്ടവും ധനനഷ്ടവുമാണെന്നാണ് പരാതി.

നേരിട്ടുള്ള വിമാന സർവീസുകൾ വന്നാൽ അത് കേരളത്തിന്റെ ടൂറിസം രംഗത്തും വലിയ വളർച്ചയ്ക്ക് സഹായമാകുമെന്നാണ് വിലയിരുത്തൽ. നേരിട്ടുള്ള സർവീസുകൾ വന്നാൽ രക്ഷിതാക്കളെയും കൗമാരക്കാരായ മക്കളെയും തനിയെ യാത്രയ്ക്കു വിടുന്നവർക്ക് വലിയ ആശ്വാസമാകും.

കൂടാതെ, നാട്ടിൽ നിന്നുള്ള വിവിധ ഉൽപ്പനങ്ങൾ ലോകത്തിന്റെ ഏതുഭാഗത്തുമുള്ള മലയാളികൾക്ക് ലഭിക്കുകയും ചെയ്യുമെന്നും പറയുന്നു.

എങ്ങനെ ലക്ഷ്യം നേടും?

ഓസ്ട്രേലിയയിൽ നിന്നും യുഎസിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളില്‍ നിന്നും എങ്ങനെയാണ് കൊച്ചിയിലേക്ക് നേരിട്ട് വിമാന സർവീസുകൾ കൊണ്ടുവരിക എന്നതൊരു ചോദ്യമാണ്. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇത് സാധിക്കൂ.

നമ്മുടെ എംപിമാരുടെയും കേന്ദ്ര സഹമന്ത്രിയുടെയും ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരികയും കേന്ദ്ര സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുകയുമാണ് വേണ്ടത്.

കേരളത്തിലാണെങ്കിൽ ടൂറിസം മന്ത്രിയുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരണം. കൂടാതെ, സിയാൽ അധികൃതരുമായി ബന്ധപ്പെട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കണം.

Exit mobile version