ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ചുള്ള ആശങ്കകളെത്തുടർന്ന് ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം നിർത്തലാക്കാൻ തീരുമാനിച്ചതായി ഫേസ്ബുക്ക്.
ഉപഭോക്താക്കളുടെ ഫോട്ടോകളും വിഡിയോകളും തിരിച്ചറിയുന്ന ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം സ്വകാര്യതക്ക് വലിയ ഭീഷണി ഉയർത്തുന്നു എന്ന രൂക്ഷമായ ആരോപണങ്ങളാണ് ഫേസ്ബുക്കിനെതിരെയുള്ളത്.
ഈ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടിയായി ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം നിർത്താലുക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു.
ഈ സംവിധാനത്തിന്റെ നിയന്ത്രണം ഏത് രീതിയിൽ നടപ്പിലാക്കും എന്നത് സംബന്ധിച്ചുള്ള അന്തിമ രൂപം റെഗുലേറ്റർമാർ നിശ്ചയിച്ചുവരികയാണെന്ന് ഫേസ്ബുക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം വൈസ് പ്രസിഡന്റ് ജെറോം പെസെന്റി ബ്ലോഗിൽ വ്യക്തമാക്കി.
അതെസമയം ഇതിന്റെ ഉപയോഗം വളരെ ചുരുക്കം സാഹചര്യങ്ങളിൽ മാത്രം അനുവദിക്കുക എന്നതാണ് ഉചിതമെന്ന് കമ്പനി കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപഭോക്താക്കളുടെ മുഖം തിരിച്ചറിയാൻ സഹായിക്കുന്ന സാങ്കേതികവിദ്യയുടെ ധാർമ്മികത സംബന്ധിച്ച് നിരവധി ആരോപണങ്ങളാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഫേസ്ബുക്ക് നേരിടുന്നത്.
റീറ്റെയിൽ, ആശുപത്രികൾ, സെക്യൂരിറ്റി എന്നിങ്ങനെ പല മേഖലകളിൽ വിപുലമായി ഉപയോഗിക്കുന്ന ഈ സംവിധാനം, സ്വകാര്യതയിലുള്ള കടന്നുകയറ്റത്തിന് വഴിയൊരുക്കുമെന്നുള്ള വിമർശനം ശക്തമാണ്.
ഇതേത്തുടർന്ന് രംഗത്തെ റെഗുലേറ്റർമാരുടെയും നിയമപാലകരെയുടെയും നിരന്തരമായ നിരീക്ഷണത്തിലാണ് ഫേസ്ബുക്ക്.
ഫേസ്ബുക്കിന്റെ മൂന്നിൽ ഒന്ന് ഉപഭോക്താക്കൾ ഫേസ് റെക്കഗ്നിഷൻ സെറ്റിങ്സിൽ തെരെഞ്ഞെടുത്തിട്ടുള്ളതായി കമ്പനി വെളിപ്പെടുത്തി. ഈ സംവിധാനം നിർത്തലാക്കാനുള്ള തീരുമാനം ഒരു ബില്യൺ ഉപഭോക്താക്കളെ ബാധിക്കുമെന്നും ഫേസ്‍ബുക്ക് പറഞ്ഞു.
ഇത് നടപ്പിലാകുന്നതോടെ ഒരു ബില്യൺ ഉപഭോക്താക്കളുടെ ഫേസ്പ്രിന്റ് ഡിലീറ്റ് ചെയ്യപ്പെടും.
ആഗോളതലത്തിൽ നടപ്പിലാക്കുന്ന ഈ മാറ്റം ഡിസംബറിൽ പൂർത്തിയാക്കുമെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു.
ലോക്ക് ആയ അകൗണ്ടുകൾ തുറക്കാൻ സഹായിക്കുന്നത് ഉൾപ്പെടെയുള്ള പരിമിതമായി സാഹചര്യങ്ങളിൽ മാത്രമായിരിക്കും ഈ സേവനം ഇനി ലഭ്യമാകുക എന്നും ഫേസ്ബുക്ക് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച ഫേസ്ബുക്കിന്റെ പേര് മെറ്റ പ്ലാറ്റ്‌ഫോംസ് ഇന്‍കോര്‍പ്പറേറ്റഡ് എന്നാക്കി മാറ്റിയിരുന്നു.