ന്യൂഡൽഹി: കർഷക സമരത്തിനെതിരേ വിമർശനവുമായി സുപ്രീം കോടതി. റോഡ് തടഞ്ഞ് സമരം നടത്താൻ നിങ്ങൾക്ക് എന്തവകാശമെന്നാണ് സംയുക്ത കിസാൻ മോർച്ചയോട് സുപ്രീം കോടതി ചോദിച്ചത്.
കർഷകർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്. എന്നാൽ അനിശ്ചിതകാലത്തേക്ക് റോഡ് ഉപരോധിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതിഷേധിക്കുന്ന കർഷകരെ റോഡിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയുടെ വിമർശനം.
ഹർജിയിൽ ഡിസംബർ ഏഴിന് വാദം കേൾക്കും.
അതേസമയം, പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കിസാൻ മോർച്ച മറുപടി നൽകി. കർഷകരെ ഡൽഹി രാംലീല മൈതാനത്തോ ജന്ദർ മന്ദറിലോ പ്രതിഷേധിക്കാൻ അനുവദിക്കണമെന്നും കിസാൻ മോർച്ച് ആവശ്യപ്പെട്ടു.
കാർഷിക നിയമം കോടതി ഇടപെട്ട് മരവിപ്പിച്ചതല്ലേ, പിന്നെ എന്തിനാണ് സമരങ്ങളെന്ന് കഴിഞ്ഞ ആഴ്ച കോടതി ചോദിച്ചിരുന്നു.
കർഷക സമരത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ ആളുകൾ മരിച്ചു വീഴുമ്പോഴും ആരും ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.
കർഷകർ ഉന്നയിക്കുന്ന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും കർഷകർ കോടതിയിൽ വിശ്വാസമർപ്പിക്കുകയാണു വേണ്ടതെന്നും, കോടതി പറഞ്ഞു.
ഹൈവേകൾ ഉപരോധിച്ച് ജനജീവിതം സ്തംഭിപ്പിച്ചശേഷം പ്രക്ഷോഭം സമാധാനപരമാണെന്നു പറയുന്നതിൽ കാര്യമില്ല. സാധാരണ ജനങ്ങൾക്ക് വഴി നടക്കാനുള്ള അവകാശമുണ്ട്. ഇപ്പോഴത്തെ പ്രക്ഷോഭം പൊതുമുതലിന് നാശം വരുത്തുകയും പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നതായി സുപ്രീം കോടതി നിരീക്ഷിച്ചു.