
ന്യൂഡൽഹി: രാജ്യത്തെ 50 ശതമാനം ആസ്തിയും അതിസമ്പന്നരായ പത്തു ശതമാനം ആളുകളുടെ കൈയിൽ.
വീട്, ഭൂമി, കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, നിക്ഷേപം, ഓഹരികൾ, വാഹനങ്ങൾ, കന്നുകാലികൾ എന്നിവ ഉൾപ്പെടുത്തു സ്വത്തുക്കൾ കൈയടക്കി വെച്ചിരിക്കുന്നവരുടെ കണക്കാണിത്.
നഗരമേഖലയിൽ 55.7 ശതമാനം സന്പത്തും പത്തു ശതമാനം ധനികരുടെ കൈകളിലാണ്. ഗ്രാമീണ മേഖലയിലെ സന്പത്തിന്റെ 50.8 ശതമാനവും ധനികർ തന്നെ കൈയടക്കിവച്ചിരിക്കുന്നു എന്നാണ് നാഷണൽ സാംപിൽ സർവേയുടെ ഓൾ ഇന്ത്യ ഡെബ്റ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് സർവേ 2019ൽ വ്യക്തമാക്കുന്നത്.
ഗ്രാമീണമേഖലയിൽ ആകെ ആസ്തിമൂല്യം 274.6 ലക്ഷം കോടിയാണ് കണക്കാക്കിയിട്ടുള്ളത്. ഇതിൽ 139.6 ലക്ഷം കോടിയുടെ ആസ്തി അതിസന്പന്നരുടെ പക്കലാണ്.
നഗരങ്ങളിൽ താഴെത്തട്ടിലുള്ള 50 ശതമാനം പേരുടെ നില പരിതാപകരമാണ്. ഗ്രാമങ്ങളിൽ താഴെത്തട്ടിലുള്ളവരുടെ പക്കലുള്ളത് 10.2 ശതമാനം ആസ്തി മാത്രമാണ്. നഗരങ്ങളിൽ അത് 6.2 ശതമായി കുറയുന്നു.
ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം കൂടുതലുള്ള സംസ്ഥാനങ്ങൾ ഡൽഹി, മഹാരാഷ്ട്ര, തെലുങ്കാന, കർണാടക, ഹിമാചൽ പ്രദേശ് എന്നിവയാണ്.
ഡൽഹിയിലെ 80.8 ശതമാനം ആസ്തിയും പത്തു ശതമാനത്തോളം വരുന്ന അതിസന്പന്നരുടെ കൈവശമാണ്. ഭൂപരിഷ്ക്കരണ നിയമം നടപ്പാക്കിയ ജമ്മു കാഷ്മീരിലാണ് അന്തരം കുറവ് ഏറ്റവും കുറവ്.