
അജിത് കുമാർ ഡി
തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടർന്ന് ലോക് ഡൗൺ നീളുന്ന സാഹചര്യത്തിൽ ചാലയിലെ പൂക്കടകൾ തുറന്നു പ്രവർത്തിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ ഈ മേഖല തകർച്ചയുടെ വക്കിലാണ്.
പൂ കച്ചവടം നടത്തി ഉപജീവനം കണ്ടെത്തിയിരുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ ഇതോടെ ദുരിതത്തിലേക്ക് നീങ്ങുകയാണ്.
ലോക് ഡൗൺ കാലയളവിൽ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും ഇടയ്ക്കിടയ്ക്ക് തുറന്നു പ്രവർത്തിക്കാമെന്ന് സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ ചാലയിലെ പൂക്കടകൾ തുറന്നു പ്രവർത്തിക്കുന്നതിന് ഇതുവരെയും തീരുമാനമായില്ല.
ചാലയിലെ ട്രിവാൻഡ്രം ഫ്ലവറിസ്റ്റ് അസോസിയേഷൻ എന്ന സംഘടനയിൽ തന്നെ 600 ഓളം പൂക്കട തൊഴിലാളികൾ ഉണ്ട്.
മാസങ്ങൾ ആയി ചാലയിലെ പൂക്കടക ൾ അടഞ്ഞു കിടക്കുകയാണ്. ഇതുമൂലം പൂക്കട കുടുംബങ്ങൾ പട്ടിണിയിൽ ആണ്.
പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അര ലക്ഷത്തോളം രൂപ സംഘടന നൽകി.
സർക്കാർ എത്രയും വേഗം പൂക്കടകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയില്ലെങ്കിൽ സംസ്ഥാനത്ത് ഈ മേഖല വൻ തകർച്ച നേരിടുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.