ദുബായ്: റിക്കാർഡുകൾ തിരുത്താനുള്ളതാണെന്ന് ഇന്ത്യക്കെതിരായ ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിനു മുന്‍പ് പാക് ക്യാപ്റ്റൻ ബാബർ അസം പറഞ്ഞത് അക്ഷരംപ്രതി ശരിയായി.
ഐസിസി ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയെ ഇതുവരെ കീഴടക്കാനായില്ലെന്ന ചരിത്രം പാക്കിസ്ഥാൻ തിരുത്തി.
ബാബറിന്റെ നേതൃത്വത്തിൽ നടന്ന പടയോട്ടത്തിൽ അവർ ഇന്ത്യയെ കീഴടക്കി, അതും 10 വിക്കറ്റിന്. 13 പന്ത് ബാക്കിനിൽക്കേയായിരുന്നു പാക്കിസ്ഥാന്റെ ചരിത്ര ജയം. സ്കോർ: ഇന്ത്യ 20 ഓവറിൽ 151/7. പാക്കിസ്ഥാൻ 17.5 ഓവറിൽ 152/0.
മുഹമ്മദ് റിസ്വാനും (55 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും അടക്കം 79 നോട്ടൗട്ട്) ബാബൻ അസമും (52 പന്തിൽ രണ്ട് സിക്സും ആറ് ഫോറും അടക്കം 68 നോട്ടൗട്ട്) ചേർന്നാണ് പാക്കിസ്ഥാന് 10 വിക്കറ്റ് ജയമൊരുക്കിയത്.
രോഹിത് ശർമ, കെ.എൽ. രാഹുൽ എന്നിവരെ തുടക്കത്തിലേയും ഒടുവിൽ വിരാട് കോഹ്ലിയെയും വീഴ്ത്തിയ ഷഹീൻ അഫ്രീദിയാണ് പാക്കിസ്ഥാന്റെ വിജയ ശിൽപ്പി.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യക്ക് ഇന്നിംഗ്സിലെ നാലാം പന്തിൽ ഷോക്കേറ്റു. ഷഹീൻ അഫ്രീദിയുടെ ഉജ്വല യോർക്കറിൽ ഇന്ത്യയുടെ വിശ്വസ്ത ഓപ്പണറായ രോഹിത് ശർമ (0) ഗോൾഡൻ ഡെക്ക്.
ഷഹീന്റെ വേഗമേറിയ ഫുള്ളറിനോടു പ്രതികരിക്കാൻ വൈകിയ രോഹിത്തിന്റെ ബാറ്റ് കടന്നു പാഞ്ഞ പന്ത് ബാക്ക് പാഡിൽ നേരിട്ടു പതിച്ചു.
പാക്കിസ്ഥാന്റെ ശക്തമായ അപ്പീലിൽ അന്പയറിന്റെ ചൂണ്ടുവിരൽ ആകാശത്തേക്ക് ഉയർന്നു. റിവ്യൂ ചെയ്യാൻ നിൽക്കാതെ രോഹിത് പവലിയനിലേക്ക് മടങ്ങി. ഇന്ത്യൻ ആരാധകരുടെ ഹൃദയം സ്തംഭിച്ചു.
മൂന്നാം ഓവർ എറിയാൻ ഷഹീൻ വീണ്ടും. ഓവറിലെ ആദ്യ പന്തിൽ കെ.എൽ. രാഹുലിന്റെ (3) വിക്കറ്റ് തെറിച്ചു. 140 കിലോമീറ്ററിൽ അധികം വേഗത്തിലെത്തിയ ബോൾ പിച്ചിൽ കുത്തി അകത്തേക്കു കട്ട് ചെയ്തു കയറി.
അപ്രതീക്ഷിത ലെംഗ്തിനു മുന്നിൽ പ്രതിരോധിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട രാഹുലിന്റെ ബാറ്റിലും പിന്നീട് പാഡിലും ഉരഞ്ഞശേഷം പന്ത് വിക്കറ്റ് ഇളക്കി. ഇന്ത്യ 2.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 6! അപ്പോൾ 1.1 ഓവറിൽ രണ്ട് റണ്‍സിനു രണ്ടു വിക്കറ്റ് എന്നതായിരുന്നു ഷഹീന്റെ ബൗളിംഗ്.
ക്യാപ്റ്റൻ വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിക്കുമെന്നു തോന്നിപ്പിച്ചെങ്കിലും ആറാം ഓവറിൽ സൂര്യ പുറത്ത്.
ഷഹീനെതിരായ സിക്സ് ഉൾപ്പെടെ എട്ട് പന്തിൽ 11 റണ്‍സ് നേടിയ സൂര്യ, ഹസൻ അലിയുടെ പന്തിൽ വിക്കറ്റിനു പിന്നിൽ മുഹമ്മദ് റിസ്വാന്റെ നെടുനീളൻ ഡൈവ് ക്യാച്ചിലൂടെയാണു പുറത്തായത്.