വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ നാല് യോഗ്യതാ തീയതികൾ

ആധാറും വോട്ടർപട്ടികയും തമ്മിൽ ബന്ധിപ്പിക്കാം

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ നാലു യോഗ്യതാ തീയതികൾ നിശ്ചയിച്ച് 1950ലെ ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്തി.

ഭേതഗതി പ്രകാരം നിലവിലുള്ള ജനുവരി ഒന്നിനു പുറമേ ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ നാലു യോഗ്യതാ തീയതികൾ നിലവിൽവന്നതായി ചീഫ് ഇലക്ടറൽ ഓഫിസർ സഞ്ജയ് കൗൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇതു പ്രകാരം വർഷത്തിലെ ഈ യോഗ്യതാ തീയതികളിൽ ഏതിലെങ്കിലും 18 വയസ് പൂർത്തിയാകുന്ന പൗരൻമാർക്ക് വാർഷിക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ സമയത്തും മുൻകൂറായും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷവും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് അപേക്ഷ നൽകാമെന്നും സിഇഒ പറഞ്ഞു.

ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ച് വാർഷിക സമ്മതിദായക പട്ടിക പുതുക്കൽ ഉണ്ടായിരിക്കും.

ഇതിന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ തുടർന്നു വരുന്ന മൂന്നു യോഗ്യതാ തീയതികളിലും (ഏപ്രിൽ 01, ജൂലൈ 01, ഒക്ടോബർ 01) 18 വയസ് പൂർത്തിയാകുന്നവർക്ക് പട്ടികയിൽ പേരു ചേർക്കുന്നതിനു മുൻകൂറായി അപേക്ഷ സമർപ്പിക്കാം.

വാർഷിക സമ്മതിദായക പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കരട് പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ആക്ഷേപങ്ങളും അവകാശങ്ങളും ഉന്നയിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതുവരെയാകും അപേക്ഷകൾ സ്വീകരിക്കുക.

വാർഷിക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ സമയത്തും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണത്തിനു ശേഷവും ഓരോ ത്രൈമാസ പാദത്തിലും ലഭിക്കുന്ന മുൻകൂർ അപേക്ഷകൾ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ തുടർ പരിശോധയ്ക്കു ശേഷം കഴിയുന്നതും തൊട്ടടുത്ത പാദത്തിന്റെ ആദ്യ മാസംതന്നെ തീർപ്പാക്കും.

2023ലെ വാർഷിക സമ്മതിദായക പട്ടിക പുതുക്കൽ 2022 ഓഗസ്റ്റ് ആദ്യവാരം ആരംഭിച്ചിട്ടുണ്ട്. കരട് വോട്ടർ പട്ടിക നവംബർ ഒമ്പതിനു പ്രസിദ്ധീകരിക്കും.

കരട് വോട്ടർ പട്ടികയുടെ പ്രസിദ്ധീകരണത്തിനു ശേഷം 2023 ജനുവരി ഒന്ന്, ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് യോഗ്യതാ തീയതിയിൽ 18 വയസ് പൂർത്തിയാകുന്നവർക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാം.

അന്തിമ വോട്ടർ പട്ടിക 2023 ജനുവരി അഞ്ചിനു പ്രസിദ്ധീകരിക്കും. 2023 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ളവരുടെ അന്തിമ വോട്ടർ പട്ടികയാകും പ്രസിദ്ധീകരിക്കുക.

2023 ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ യോഗ്യതാ തീയതികളിൽ 18 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് മുൻകൂർ ലഭിച്ച അപേക്ഷകളിൽ തീരുമാനമെടുക്കുകയും ചെയ്യും.

ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ചും ഭേദഗതി വന്നിട്ടുണ്ട്.

നിലവിൽ വോട്ടർ പട്ടികയിൽ പേരുള്ള ഒരു സമ്മതിദായകന് ആധാർ നമ്പർ വോട്ടർ പട്ടികയുമായി തെരഞ്ഞെടുപ്പു കമ്മിഷന്റെ www.nvsp.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് മുഖേനയോ ബന്ധിപ്പിക്കാം.

ഫോം 6Bൽ അപേക്ഷ സമർപ്പിക്കുകയും ചെയ്യാം.

ഒരേ ആളിന്റെ പേരുതന്നെ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഒന്നിൽ കൂടുതൽ തവണയോ ഉണ്ടെങ്കിലോ അല്ലെങ്കിൽ ഇതേ ആളിന്റെ പേര് മറ്റൊരു മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നു തിരിച്ചറിയാനും വോട്ടർമാരുടെ ഐഡന്റിറ്റി സ്ഥാപിക്കുന്നതിനും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരണങ്ങൾ ആധികാരികമാക്കുന്നതിനും വേണ്ടിയാണ് നിലവിലുള്ള വോട്ടർമാരിൽനിന്ന് സ്വമേധയാ ആധാർ നമ്പർ ശേഖരിക്കുന്നത്.

ആധാർ നമ്പർ നൽകണമെന്നതു നിർബന്ധമല്ല. ആധാർ നമ്പർ നൽകിയില്ലെന്ന കാരണത്താൽ ഒരു വോട്ടറുടെ പേരും വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്യില്ല.

സർവീസ് വോട്ടർമാരുടെ രജിസ്ട്രേഷൻ വ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്.

ജനപ്രാതിനിധ്യ നിയമത്തിന്റെ 20(6) വകുപ്പിൽ ഭേദഗതി വരുത്തി ‘ഭാര്യ’ എന്ന പദം ‘പങ്കാളി’ എന്നാക്കിയിട്ടുണ്ട്.

വനിതാ സർവീസ് വോട്ടർക്കൊപ്പമാണു ഭർത്താവ് താമസിക്കുന്നതെങ്കിൽ ആ സർവീസ് വോട്ടർക്കൊപ്പം വോട്ടർ പട്ടികയുടെ അവസാന ഭാഗത്ത് രജിസ്റ്റർ ചെയ്യപ്പെടാൻ ഭർത്താവിന് അർഹത നൽകുന്നതാണു പുതിയ ഭേദഗതിയെന്നും സിഇഒ വ്യക്തമാക്കി.

Related Articles

Back to top button