തൊഴില്‍ദിനങ്ങള്‍ ആഴ്ച്ചയില്‍ നാല്; പരീക്ഷണത്തിനൊരുങ്ങി ബ്രിട്ടീഷ് കമ്പനികള്‍

ബ്രിട്ടണ്‍: തൊഴില്‍ സമയ ക്രമീകരണത്തില്‍ ചരിത്രപരമായ പരീക്ഷണത്തിനൊരുങ്ങി ഇംഗ്ലണ്ടിലെ 70 കമ്പനികള്‍. ആഴ്ച്ചയില്‍ നാല് ദിവസം ജോലി ചെയ്യുന്ന നിലയില്‍ സമയം പുനക്രമീകരിച്ചാണ് പുതിയ തൊഴില്‍ സംസ്‌കാരത്തിന് കമ്പനികള്‍ ശ്രമം ആരംഭിച്ചത്.

ജീവനക്കാരുടെ മാനസിക സഘര്‍ഷം ലഘൂകരിച്ച് ഉത്പാദന ക്ഷമത വിര്‍ധിപ്പിക്കുക എന്നതാണ് പരിഷ്‌കരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ഷെഫീല്‍ഡ് സോഫ്റ്റ്വെയര്‍ സ്ഥാപനമായ റിവെലിന്‍ റോബോട്ടിക്സ്, ലണ്ടന്‍ ആസ്ഥാനമായുള്ള ഇന്‍ഹെറിറ്റന്‍സ്, ടാക്സ് സ്‌പെ ഷ്യലിസ്റ്റുകളായ സ്റ്റെല്ലാര്‍ അസറ്റ് മാനേജ്മെന്റ്, കെന്റിലെ ടോണ്‍ബ്രിഡ്ജിലുള്ള ചാരിറ്റി ബാങ്ക് എന്നിവ ഉള്‍പ്പടെ 70 കമ്പനികള്‍ ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. കമ്പനികളിലെ 3300 ജീവനക്കാര്‍ പുതിയ തൊഴില്‍ പരിഷ്‌കാരത്തിന്റെ ഭാഗമാകും.

തൊഴില്‍ദിനം കുറയുമെങ്കിലും ശമ്പളത്തില്‍ കുറവ് ഉണ്ടാകില്ല. ഫോര്‍ ഡേ വീക്ക് ഗ്ലോബല്‍, തിങ്ക്ടാങ്ക് ഓട്ടോണമി, ഫോര്‍ ഡേ വീക്ക് കാമ്പെയ്ന്‍, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, ബോസ്റ്റണ്‍ കോളേജ് എന്നിവയിലെ ഗവേഷകരുമായി സഹകരിച്ചാണ് ഇത് സംഘടിപ്പിക്കുന്നത്. ആറു മാസമാണ് പരീക്ഷണ കാലവധി. വിജയകരമായാല്‍ ഇതു തുടരുമെന്നും കമ്പനി വക്താക്കള്‍ വ്യക്തമാക്കുന്നു.

തൊഴില്‍ ഇടങ്ങളിലെ മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാനാകുമ്പോള്‍ അത് ഉത്പാദന ക്ഷമത വര്‍ധിപ്പിക്കാന്‍ ഉപകരിക്കുമെന്ന് ചാരിറ്റി ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് എഡ് സീഗല്‍ പറഞ്ഞു.

ഇരുപതാം നൂറ്റാണ്ടിലെ അഞ്ച് ദിവസ പ്രവര്‍ത്തിദിനം എന്ന ആശയം 21-ാം നൂറ്റാണ്ടിലെ ബിസിനസിന് അനുയോജ്യമല്ല. തൊഴില്‍ദിനം കുറയുന്നതോടെ തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ കൂടുതല്‍ സമയം ലഭിക്കും.

ശമ്പളത്തിലോ ആനുകൂല്യങ്ങളിലോ മാറ്റമൊന്നുമില്ലാത്ത ആഴ്ച്ചയില്‍ നാല് ദിവസം മാത്രം ജോലിയെടുത്താല്‍ മതി എന്നത് തൊഴിലാളിക്ക് സന്തോഷം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിനെ പിന്തുടര്‍ന്ന് സ്‌പെയിനും സ്‌കോട്ട്‌ലന്‍ഡും ഈ വര്‍ഷം അവസാനം സര്‍ക്കാര്‍ പിന്തുണയോടെ ആഴ്ച്ചയില്‍ നാല് പ്രവര്‍ത്തിദിന സംവിധാനത്തിലേക്ക് മാറാന്‍ ആലോചിക്കുന്നുണ്ട്.

Related Articles

Back to top button