ദോഹ: അടുത്ത നാലുവർഷം ലോക ഫുട്ബാളിലെ രാജകിരീടത്തിൽ ഫ്രാൻസിന്റെ തുടർവാഴ്ചയാണോ അർജന്റീനയുടെ 36 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ആരോഹണമാണോ എന്നറിയാനുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകൾ മാത്രം. ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഇന്ത്യൻ സമയം 8.30 നാണ് അർജന്‍റീന-ഫ്രാൻസ് ഫൈനൽ പോരാട്ടം.
മുൻകൂറായി ഒന്നും പറയുക സാധ്യമല്ല. കാരണം ഈ ഫൈനൽ ലോകകപ്പിന്റെ ചരിത്രത്തിൽതന്നെ ഏറ്റവും പ്രവചനാതീതമായ കലാശപ്പോരാട്ടങ്ങളിലൊന്നാണ്.
തെക്കനമേരിക്കൻ കളിയഴകിന്റെ അപ്പോസ്തലന്മാരായ അർജന്റീനയോ യൂറോപ്യൻ ഫുട്ബാളിന്റെ പവർ ഗെയിം പാദങ്ങളിലാവാഹിക്കുന്ന ഫ്രാൻസോ ആരാകും കിരീടം ചൂടുകയെന്ന് കാത്തിരുന്ന് കാണുകയെ തരമുള്ളൂ.
നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ വീഴ്ത്തുക അര്‍ജന്റീനയെ സംബന്ധിച്ച് കടുപ്പം തന്നെയാണ്.
മിന്നും ഫോമിലുള്ള മെസിയുടെ മികവിലാണ് അര്‍ജന്റീനയുടെ പ്രതീക്ഷകള്‍. ഇത്തവണ അഞ്ച് ഗോളുമായി ഗോള്‍വേട്ടക്കാരില്‍ മുന്നില്‍ത്തന്നെ മെസിയുണ്ട്.
തോറ്റുതുടങ്ങി ഫൈനലിലേക്ക് എത്തിയവരാണ് അർജന്റീനക്കാർ.
ആദ്യ മത്സരത്തിൽ സൗദി അറേബ്യ 2-1ന് അട്ടിമറിച്ച ഇടത്തുനിന്ന് ഫീനിക്സ് പക്ഷിയേപ്പോലെയാണ് മെസിയും സംഘവും പറന്നുയർന്നത്. ഗ്രൂപ്പ് റൗണ്ടിൽ മെക്സിക്കോയ്ക്കും പോളണ്ടിനുമെതിരെ 2-0ത്തിന്റെ വിജയങ്ങൾ.
പ്രീ ക്വാർട്ടറിൽ ആസ്ട്രേലിയയെ മറികടന്നത് 2-1ന്. ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെതിരെ 2-0ത്തിന് ലീഡ് ചെയ്തശേഷം 2-2ന് സമനില വഴങ്ങി എക്സ്ട്രാ ടൈമിലേക്കും പോയി.
ഷൂട്ടൗട്ടിൽ ആദ്യ രണ്ട് ഡച്ച് കിക്കുകൾ തടുത്തിട്ട എമിലിയാനോയുടെ മികവിൽ 4-3ന് ജയം. സെമിയിൽ അതിസുന്ദരമായ പ്രകടനം പുറത്തെടുത്ത് ക്രൊയേഷ്യയെ കീഴടക്കിയത് മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക്.
ഗ്രൂപ്പ് ഡിയിൽ മത്സരിച്ച ഫ്രാൻസ് ആസ്ട്രേലിയയെ 4-1ന് തകർത്താണ് തുടങ്ങിയത്. രണ്ടാം മത്സരത്തിൽ ഡെന്മാർക്കിനെ 2-1ന് തോൽപ്പിച്ചതോടെ ഗ്രൂപ്പിൽ ഒന്നാമന്മാരായി പ്രീ ക്വാർട്ടർ ഉറപ്പിച്ചതിന്റെ ആവേശത്തിൽ ടുണീഷ്യയ്ക്കെതിരെ ബെഞ്ച് സ്ട്രെംഗ്ത് പരീക്ഷിക്കാനിറങ്ങി 1-0ത്തിന് തോറ്റു.
എന്നാൽ പ്രീ ക്വാർട്ടർ മുതൽ പഴയ ഫ്രാൻസായി. പ്രീ ക്വാർട്ടറിൽ 3-1ന് പോളണ്ടിനെ പൊളിച്ചടുക്കിയ ഫ്രാൻസ് ക്വാർട്ടറിൽ ഇംഗ്ളണ്ടിനെ കീഴടക്കിയത് 2-1നായിരുന്നു. സെമിയിൽ മൊറോക്കോയുടെ കടുത്ത വെല്ലുവിളി 2-0ത്തിന് അതിജീവിച്ചാണ് കലാശക്കളിക്ക് ടിക്കറ്റെടുത്തത്.
ലോകകപ്പ് ഫൈനലിൽ ആദ്യമായാണ് ഫ്രാൻസും അർജന്റീനയും ഏറ്റുമുട്ടുന്നത്.
അർജന്റീന ആറ് തവണ ഫൈനലിൽ എത്തിയപ്പോൾ ഫ്രാൻസിന്റേത് ഇത് നാലാം ഫൈനൽ ആണ്. രണ്ട് വീതം ഇരു ടീമുകളും ലോക കിരീടം ചൂടിയിട്ടുണ്ട്.
ലോകകപ്പിൽ മൂന്ന് തവണ അർജന്റീനയും ഫ്രാൻസും നേർക്ക് നേർ ഏറ്റുമുട്ടിയപ്പോൾ രണ്ട് തവണ അർജന്റീനയും ഒരു തവണ ഫ്രാൻസും വിജയിച്ചു.
ഫുട്‌ബോളിലെ ഒട്ടുമിക്ക നേട്ടങ്ങളും സ്വന്തമാക്കിയ മെസി ലോകകപ്പില്‍ മുത്തമിട്ട് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണേറെയും. കലാശപ്പോരാട്ടത്തില്‍ ചില വമ്പന്‍ റെക്കോഡുകളും മെസിയെ കാത്തിരിക്കുന്നുണ്ട്.
ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോഡാണ് അതിലൊന്ന്. അര്‍ജന്റീനക്കായി മെസി ഇതുവരെ 25 മത്സരങ്ങള്‍ കളിച്ചു.
25 മത്സരങ്ങള്‍ കളിച്ച ലോതര്‍ മാത്തൗസിനൊപ്പമാണ് നിലവില്‍ മെസി. ലോകകപ്പില്‍ കൂടുതല്‍ മിനുട്ട് കളിച്ച താരമെന്ന റെക്കോഡിന് തൊട്ടടുത്താണ് മെസ്സി.
2194 മിനുട്ട് നിലവില്‍ മെസി മൈതാനത്ത് കളിച്ചു. 24 മിനുട്ട് കൂടി കളിച്ചാല്‍ ഈ റെക്കോഡും മെസ്സിക്ക് സ്വന്തമാക്കാം.
ഫിഫ ലോകകപ്പില്‍ കൂടുതല്‍ ജയം നേടുന്ന താരമെന്ന റെക്കോഡില്‍ തലപ്പത്തെത്താനുള്ള അവസരം മെസിക്കുണ്ട്.
ഫ്രാന്‍സിനെ അര്‍ജന്റീന തോല്‍പ്പിച്ചാല്‍ മെസിയുടെ 17ാമത്തെ ജയമായിരിക്കുമത്.
ഇതോടെ ലോകകപ്പില്‍ കൂടുതല്‍ ജയമെന്ന റെക്കോഡില്‍ മെസിക്ക് ജര്‍മനിയുടെ ക്ലോസെക്കൊപ്പമെത്താം.
ഫിഫ ലോകകപ്പില്‍ കൂടുതല്‍ അസിസ്റ്റെന്ന റെക്കോഡില്‍ തലപ്പത്തെത്താനുള്ള അവസരം മെസിക്കുണ്ട്. നിലവില്‍ ഒൻപത് അസിസ്റ്റുകളാണ് ലോകകപ്പില്‍ മെസിയുടെ പേരിലുള്ളത്.
10 അസിസ്റ്റുകള്‍ നടത്തിയ ബ്രസീലിന്റെ പെലെയാണ് മുന്നിൽ. ഫൈനലില്‍ രണ്ട് അസിസ്റ്റുകള്‍ നടത്താനായാല്‍ ഈ റെക്കോഡില്‍ മെസിക്ക് തലപ്പത്തെത്താം.
ഒരു ലോകകപ്പിലെ ഗോള്‍ഡന്‍ ബോളും ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കുന്ന ഏഴാമത്തെ ഫുട്‌ബോള്‍ താരമാവാനുള്ള അവസരവും മെസിക്ക് മുന്നിലുള്ളത്.
നിലവില്‍ 6 മത്സരത്തില്‍ നിന്ന് അഞ്ച് ഗോളുമായി ഗോള്‍വേട്ടക്കാരില്‍ മെസി തലപ്പത്താണ്.
ഒന്നിലധികം ഗോള്‍ഡന്‍ ബോള്‍ നേടുന്ന ആദ്യത്തെ താരമെന്ന അപൂർവ നേട്ടവും മെസ്സിയെ കാത്തിരിപ്പുണ്ട്. 92 വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തില്‍ മറ്റാര്‍ക്കും നേടാനാവാത്ത നേട്ടമാണിത്.
2014ല്‍ അര്‍ജന്റീന കപ്പടിച്ചില്ലെങ്കിലും മികച്ച താരത്തിനുള്ള പുരസ്‌കാരം മെസി നേടിയിരുന്നു.
ഇത്തവണ കപ്പടിച്ചില്ലെങ്കിലും മെസി ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ അത് ചരിത്ര നേട്ടമാകും.