പഴം, പച്ചക്കറി വില കുതിക്കുന്നു; വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍

തിരുവനന്തപുരം: ഓണം അടുത്തതോടെ തക്കാളിക്കൊപ്പം മറ്റു പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പൊള്ളുന്ന വില. ഇതോടെ മലയാളികളുടെ അടുക്കള ബഡ്ജറ്റ് താളം തെറ്റി.

ജനത്തിന് ആശ്വാസമാകേണ്ട ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി വണ്ടികള്‍ ജില്ലകളില്‍ വെറും രണ്ടെണ്ണം വീതം. അവയില്‍ ആവശ്യത്തിന് പച്ചക്കറിയുമില്ല.

കഴിഞ്ഞ വര്‍ഷങ്ങളില്‍ വിലക്കയറ്റമുണ്ടായപ്പോള്‍ സര്‍ക്കാര്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി നേരിട്ടെത്തിച്ച് വിലകുറച്ച് നല്‍കിയിരുന്നു. ഇത്തവണ അങ്ങനെയൊരു ഇടപെടലുണ്ടായില്ല. 200 ല്‍ നിന്ന് 150 രൂപയിലെത്തിയ തക്കാളി വില 180 ലേക്ക് വീണ്ടും ഉയര്‍ന്നു.

40 രൂപയായി കുറഞ്ഞ ചെറു നാരങ്ങയ്ക്ക് ഇന്നലെ 54 രൂപയായി. ബീന്‍സ് 120, കാരറ്റ് 80 രൂപ വീതമാണ് വില. പഴങ്ങളില്‍ ഏത്തന്‍, രസകദളി തുടങ്ങിയവയുടെ വില ദിനം തോറും കുതിക്കുകയാണ്.

തക്കാളി വിലക്കയറ്റം രാജ്യത്താകെയുണ്ടെന്നാണ് അധികൃതരുടെ ന്യായം. എന്നാല്‍ ഇതു മുതലാക്കി ഇടനിലക്കാര്‍ മറ്റിനങ്ങള്‍ക്കും തോന്നുംപടി വില കൂട്ടുകയാണ്. സര്‍ക്കാര്‍ വിപണിയില്‍ നേരിട്ട് ഇടപെട്ടാല്‍ മാത്രമേ ഇതിന് പരിഹാരമുള്ളൂ.

കിലോയ്ക്ക് 300 ന് മുകളില്‍ പോയ പച്ചമുളക് വില താണെങ്കിലും ബീന്‍സ്, കാരറ്റ് അടക്കം ഒട്ടുമിക്ക ഇനങ്ങള്‍ക്കും വില കുറയുന്നില്ല. ഇഞ്ചി വില മൂന്നു മാസമായി 200 ന് മുകളിലാണ്.

മധ്യ, വടക്കന്‍ ജില്ലകളില്‍ പെയ്ത അതിശക്ത മഴയില്‍ ഓണം ലക്ഷ്യമാക്കിയുള്ള പച്ചക്കറി കൃഷി നശിച്ചത് വിലക്കയറ്റത്തിന് പ്രധാന കാരണമാണ്. ആലപ്പുഴ, വയനാട്, എറണാകുളം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശം.

ആലപ്പുഴയില്‍ 28,893 കര്‍ഷകര്‍ക്കായി 91.70 ലക്ഷം രൂപയുടെ നഷ്ടമാണ് നേരിട്ടത്. വയനാട്ടില്‍ 57,172 ഹെക്ടര്‍ കൃഷി നശിച്ചു. ഇവിടെ 65.67 ലക്ഷം രൂപയുടെ നാശമുണ്ടായി.

എറണാകുളം ജില്ലയില്‍ 50.77 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇവയുള്‍പ്പെടെ ആകെ 4.55 കോടി രൂപയുടെ കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Exit mobile version