തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് കുടുംബ സ്വത്ത് തർക്ക പരാതിയിൽ. ബാലകൃഷ്ണ പിള്ളയുടെ വിൽപ്പത്രത്തിൽ ക്രമക്കേട് നടന്നെന്ന പരാതികളുമായി ഗണേഷിൻ്റെ മൂത്ത സഹോദരി ഉഷ മോഹൻദാസ് മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തെയും സമീപിച്ചിരുന്നു.
രണ്ട് പെൺ മക്കൾക്ക് കൂടുതൽ സ്വത്ത് കിട്ടുന്ന തരത്തിലായിരുന്നു ആദ്യം വിൽപത്രം തയ്യാറാക്കിയിരുന്നത്. എന്നാൽ ആരോഗ്യ സ്ഥിതി വഷളായപ്പോൾ പരിചരിച്ചിരുന്നത് ഗണേഷ് കുമാറായിരുന്നു.
ഈ സമയത്ത് രണ്ടാമത് ഒരു വിൽപത്രം തയ്യാറാക്കിയെന്നും അതിൽ കൂടുതൽ സ്വത്ത് ഗണേഷിന് കിട്ടും വിധമാണെന്നുമാണ് പരാതി.
തർക്കം പരിഹരിച്ച ശേഷം ഗണേഷ് കുമാറിനെ മന്ത്രിയാക്കാമെന്ന് സിപിഎം തീരുമാനിച്ചത് ഈ പരാതിയെ തുടർന്നാണെന്നാണ് വിവരം.
അതേ സമയം മുന്നണി തീരുമാനത്തിൽ അതൃപ്തിയില്ലെന്ന് ഗണേഷ് കുമാർ പ്രതികരിച്ചു.
എൽഡിഎഫിൻ്റേത് യുക്തമായ തീരുമാനമാണെന്നും പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിക്കാനില്ലെന്നും ഗണേഷ് കുമാർ പറയുന്നു.