ഇഞ്ചിവില പുതിയ ഉയരത്തിൽ; 650 ല്‍ നിന്ന് 1500 ലേക്ക്

മംഗളൂരു: കോവിഡില്‍ പകച്ചുനിന്ന കര്‍ഷകര്‍ക്ക് മുന്നില്‍ പ്രതീക്ഷയായി ഇഞ്ചിവില പുതിയ ഉയരങ്ങളിലേക്ക്. ഒരുകാലത്ത് കര്‍ഷകര്‍ക്ക് കണ്ണീര്‍ മാത്രം നല്കിയിരുന്ന ഇഞ്ചിക്കൃഷിക്ക് ഇപ്പോള്‍ മധുരം ഏറെയാണ്.

ഇഞ്ചിയുടെ വില റിക്കാര്‍ഡിലേക്ക് പോകുകയാണ്. 15 ദിവസം മുമ്പ് വരെ 60 കിലോ വരുന്ന ഒരു ചാക്ക് ഇഞ്ചിക്ക് 600 മുതല്‍ 650 രൂപ വരെയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ ഇത് 1400 മുതല്‍ 1500 വരെയായി ഉയര്‍ന്നിരിക്കുന്നു.

കേരളത്തില്‍ നിന്നുള്ള ഇഞ്ചിക്കര്‍ഷകരിലേറെയും കൃഷി ചെയ്യുന്നത് കര്‍ണാടകയിലാണ്.

കര്‍ണാടകയിലെ ഇഞ്ചികൃഷി അവസാനിപ്പിക്കാന്‍ ചെറുകിട, ഇടത്തരം കര്‍ഷകരില്‍ പലരും തീരുമാനിച്ചിരിക്കെയാണ് വില ഉയര്‍ന്നത്. ഇന്നലെ ഇഞ്ചി ചാക്കിനു (60 കിലോഗ്രാം) 1,400-1,500 രൂപയാണ് വില. 15 ദിവസം മുമ്പ് ഇതു 600-650 രൂപയായിരുന്നു.

വിലത്തകര്‍ച്ചയെത്തുടര്‍ന്നുണ്ടായ കനത്ത നഷ്ടമാണ് ഇഞ്ചികൃഷി നിര്‍ത്താനുള്ള തീരുമാനത്തിലേക്ക് കര്‍ഷകരെ നയിച്ചത്. കഴിഞ്ഞ വര്‍ഷം കൃഷിചെയ്തതില്‍ വിളവെടുക്കാന്‍ ബാക്കിയുള്ള ഇഞ്ചിയും വിറ്റ് നാട്ടിലേക്കു വണ്ടികയറാന്‍ കര്‍ഷകരില്‍ പലരും ഒരുങ്ങുന്നതിനിടെയാണ് വില ഉയരാന്‍ തുടങ്ങിയത്.

ഡിമാന്‍ഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈമാസം അവസാനത്തോടെ ഇഞ്ചി വില ചാക്കിനു 3,000 രൂപ കവിയുമെന്നാണ് കൃഷിക്കാരുടെ കണക്കുകൂട്ടല്‍.

ഇഞ്ചിപ്പാടത്തെ പണിക്ക് തദ്ദേശ തൊഴിലാളികളില്‍ പുരുഷന്‍മാര്‍ക്ക് 500ഉം സ്ത്രീകള്‍ക്ക് 400ഉം രൂപയാണ് ചെലവില്ലാതെ ദിവസക്കൂലി. കേരളത്തില്‍ നിന്ന് കൊണ്ടുപോകുന്ന തൊഴിലാളികള്‍ക്ക് ഇതില്‍ക്കൂടുതല്‍ കൂലി നല്‍കണം. ഭക്ഷണ- താമസ സൗകര്യവും ഒരുക്കണം.

കര്‍ണാടകയില്‍ മൈസൂരു, മാണ്ഡ്യ, ചാമരാജ് നഗര്‍, കുടക്, ഷിമാഗ ജില്ലകളിലാണ് പ്രധാനമായും കേരളത്തില്‍ നിന്നുളള കര്‍ഷകരുടെ ഇഞ്ചിക്കൃഷി. ഒറ്റക്കും കൂട്ടായും ഇഞ്ചിക്കൃഷി നടത്തുന്ന മലയാളികളുടെ എണ്ണം ആയിരക്കണക്കിന് വരും.

ഏതാനും വര്‍ഷങ്ങളായി തദ്ദേശീയരും ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്. മെച്ചപ്പെട്ട വിളവും വിലയും ലഭിച്ചാല്‍ മാത്രമാണ് ഇഞ്ചിക്കൃഷി ലാഭകരമാകുക.

Exit mobile version