ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 20 മുതല്‍; 79 രാജ്യങ്ങളില്‍ നിന്നായി 280 ചിത്രങ്ങള്‍

ന്യൂഡല്‍ഹി: ഗോവയില്‍ നടക്കുന്ന 53-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFI) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഈ മാസം 20 മുതല്‍ 28 വരെയാണ് ചലച്ചിത്രോത്സവം നടക്കുക. ഡീറ്റര്‍ ബെര്‍ണര്‍ സംവിധാനം ചെയ്ത ഓസ്ട്രിയന്‍ ചിത്രം അല്‍മ ആന്‍ഡ്

ഓസ്‌കറാണ് ഉദ്ഘാടന ചിത്രം. സമാപനചിത്രം ക്രിസ്റ്റോഫ് സനൂസിയുടെ പെര്‍ഫെക്റ്റ് നമ്പര്‍.

സിനിമയ്ക്ക് നല്‍കിയ ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ച് നല്‍കുന്ന സത്യജിത് റായ് പുരസ്‌കാരം സ്പാനിഷ് ചലച്ചിത്രകാരന്‍ കാര്‍ലോസ് സൗറയ്ക്ക് നല്‍കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അറിയിച്ചു.

79 രാജ്യങ്ങളില്‍ നിന്നായി 280 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ‘ഇന്ത്യന്‍ പനോരമ’യില്‍ 25 ഫീച്ചര്‍, 20 നോണ്‍ ഫീച്ചര്‍ സിനിമകളും അന്താരാഷ്ട്രവിഭാഗത്തില്‍ 183 സിനിമകളുമുണ്ടാകും.

കണ്‍ട്രി ഫോക്കസ് ആയി എട്ട് ഫ്രഞ്ച് സിനിമകളും ‘ഇന്ത്യന്‍ റീസ്റ്റോര്‍ഡ് ക്ലാസിക്‌സ്’ വിഭാഗത്തില്‍ എന്‍.എഫ്.എ.ഐയില്‍ നിന്നുള്ള സിനിമകളും പ്രദര്‍ശിപ്പിക്കും.

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരജേതാവ് ആശ പരേഖിന്റെ ചിത്രങ്ങളുടെ ‘ആശ പരേഖ് റെട്രോസ്‌പെക്റ്റീവ്’ ഉണ്ടാകും.

ഇതിഹാസ ചലച്ചിത്രങ്ങളുടെ മികച്ച പ്രിന്റുകള്‍ ‘ദി വ്യൂവിംഗ് റൂമി’ല്‍ കാണാം. സിനിമയാക്കാന്‍ കഴിയുന്ന പുസ്തകങ്ങളുടെ പകര്‍പ്പവകാശ വില്‍പ്പനയ്ക്കുള്ള വേദിയുമുണ്ട്.

ഓസ്‌കര്‍ പുരസ്‌കാരം നേടിയ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ‘ഗാന്ധി’ അടക്കം ഓഡിയോ, സബ്ടൈറ്റിലുകള്‍ തുടങ്ങിയവയുടെ സഹായത്തോടെ ഭിന്നശേഷിക്കാര്‍ക്കായി പ്രദര്‍ശിപ്പിക്കും.

Related Articles

Back to top button