കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധന. ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമായി.
സ്വർണം ഇറക്കുമതി ചുങ്കം അഞ്ചു ശതമാനം വർധിച്ച് 12.5 ശതമാനമായതാണ് വില വർധിക്കാൻ കാരണമായത്. ഇതോടൊപ്പം 2.5 ശതമാനം അഗ്രി സെസും മുക്കാൽ ശതമാനം സാമൂഹ്യക്ഷേമ സർചാർജും നിലവിൽ വരും. മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും.
തുടക്കത്തിൽ കുതിച്ചുയർന്ന സ്വർണ വിലയിൽ ഉച്ചയ്ക്ക് ശേഷം ഇടിവുണ്ടായി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,760 രൂപയും പവന് 38,080 രൂപയുമായി.
ഇറക്കുമതി ചുങ്കം വർധിച്ചത് ആഭ്യന്തര വിപണിയിൽ ഉപഭോക്താക്കൾക്ക് വൻ തിരിച്ചടി ഉണ്ടാക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്. അബ്ദുൾ നാസർ പറഞ്ഞു.