സ്വർണവിലയിൽ വർധനവ്; മെയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 4610 രൂപയും പവന് 36,880 രൂപയുമാണ് ഇന്നത്തെ വില.

മെയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ മാസം ഇതുവരെ 1880 രൂപയാണ് പവന് വർധിച്ചത്. ഏറ്റവും ഒടുവിൽ വിലയിൽ മാറ്റമുണ്ടായത് ഈ മാസം 20നായിരുന്നു.

മെയ് ഒന്ന്, രണ്ട് തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 35,040 രൂപയായിരുന്നു.

സമീപകാലത്തെ ഏറ്റവും വലിയ പ്രതിമാസ വർധനവിലേക്കാണ് സ്വർണ വില പോകുന്നത്. മാര്‍ച്ചില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞിരുന്നു.

എന്നാൽ ഏപ്രിലില്‍ 1720 രൂപയാണ് പവന് വില കൂടിയത്. എന്നാല്‍ ഈ മാസം ഇതുവരെ 1880 രൂപയാണ് പവന് കൂടിയത്.

ഏപ്രിലിൽ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1).

ഡോളര്‍ സൂചികയുടെ തകര്‍ച്ചയാണ് സ്വര്‍ണത്തിന് പിന്തുണ ലഭിക്കുന്ന പ്രധാന ഘടകം. പ്രമുഖ കറന്‍സികള്‍ക്കെതിരെ കഴിഞ്ഞ നാലു മാസത്തിനിടെയുള്ള ഏറ്റവും താഴ്ച്ചയിലാണ് ഡോളര്‍ തുടരുന്നത്.

ഇന്നലെ മാത്രം 0.10 ശതമാനം ഇടിവ് ഡോളര്‍ നേരിട്ടു (89.748). മറുഭാഗത്ത് രണ്ടാഴ്ച്ചക്കിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ബോണ്ട് വരുമാനവും.

ബോണ്ട് വരുമാനം കുറയുമ്പോള്‍ പലിശ വരുമാനമില്ലാത്ത സ്വര്‍ണത്തില്‍ നിക്ഷേപകരുടെ അവസരാത്മക ചിലവ് കുറയും.

Exit mobile version