സംസ്ഥാനത്തെ മദ്യത്തില്‍ മുക്കാന്‍ പച്ചക്കൊടി; ഐടി മേഖലയില്‍ പബ്ബുകള്‍

തിരുവനന്തപുരം: മദ്യം ഘട്ടംഘട്ടമായി ഒഴിവാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടത് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ലംഘിച്ച് സംസ്ഥാനത്ത് കൂടുതല്‍ തോതില്‍ മദ്യമൊഴുക്കാന്‍ തീരുമാനമെടുത്തു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതുക്കിയ മദ്യനയത്തിന് അംഗീകാരം നല്‍കിയത്.

2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള മദ്യനയത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരിക്കുന്നത്. ഐടി മേഖലയില്‍ പബ്ബുകള്‍ ആരംഭിക്കാനും സംസ്ഥാനത്ത് വിദേശ മദ്യ ചില്ലറ വില്‍പ്പന ശാലകളുടെ എണ്ണം വര്‍ധിപ്പിക്കാനും മന്ത്രിസഭ അംഗീകാരം നല്‍കി.

നൂറില്‍പ്പരം വിദേശ മദ്യ ചില്ലറ വില്‍പന ശാലകള്‍ പുതുതായി ആരംഭിക്കാനാണ് തീരുമാനം. ഇത് വലിയ സമര പരമ്പരകള്‍ക്ക് കാരണമാകും എന്നുറപ്പാണ്. രണ്ട് മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി.

ഐടി മേഖലയുടെ നിരന്തരം ആവശ്യം പരിഗണിച്ചാണ് പബ്ബുകള്‍ ആരംഭിക്കാന്‍ അംഗീകാരം നല്‍കുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. ഫൈവ് സ്റ്റാര്‍ നിലവാരത്തിലായിരിക്കും പബ്ബുകള്‍ വരിക എന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് വ്യക്തമാകുന്നത്. എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍ പറഞ്ഞു.

പുതുക്കിയ മദ്യനയത്തിനെതിരെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

Exit mobile version