
തിരുവനന്തപുരം: പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചു. ഹൈക്കോടതിയുടെ ശക്തമായ ഇടപെടലാണ് സര്‍ക്കാരിനെ കൊണ്ട് ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.
പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് വിലക്കിക്കൊണ്ട് ഉത്തരവിറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
ഹൈക്കോടതി ഉത്തരവ് വന്നതോടെ ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ച് ഉത്തരവിറക്കുകയായിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ കൂടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
പണിമുടക്കു ചോദ്യം ചെയ്തുള്ള ഹര്‍ജിയിലായിരുന്നു ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സര്‍വീസ് ചട്ടങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
പണിമുടക്കിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇന്നു തന്നെ ഉത്തരവ് ഇറക്കാനും നിര്‍ദേശിച്ചിരുന്നു.
ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് ഗതാഗത സൗകര്യം ഉറപ്പാക്കണം. ചീഫ് സെക്രട്ടറി ധനകാര്യ-പൊതുഭരണ സെക്രട്ടറിമാര്‍ എന്നിവര്‍ സമരം തടഞ്ഞ് ഉത്തരവ് പുറപ്പെടുവിക്കണം.
ജീവനക്കാര്‍ ജോലിക്കെത്താന്‍ വകുപ്പ് മേധാവിമാര്‍ക്ക് ഇവര്‍ നിര്‍ദേശം നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
പിന്നോട്ടില്ലെന്ന് എൻജിഒ യൂണിയൻ
ദേശീയ പണിമുടക്കിൽനിന്ന് പിന്മാറില്ലെന്ന് എൻജിഒ യൂണിയൻ അറിയിച്ചു. ദേശീയ പണിമുടക്കിനെ തുടർന്ന് സർക്കാർ ഓഫീസുകളിൽ ഹാജർ കുറഞ്ഞതിനെ വിമർശിച്ച് ഹൈക്കോടതി രംഗത്ത് വന്നതിന് പിന്നാലെയാണ് എൻജിഒ യൂണിയന്റെ പ്രതികരണം.
മുൻകൂട്ടി നോട്ടീസ് നൽകിയാണ് പണിമുടക്ക് നടത്തുന്നത്. ചൊവ്വാഴ്ചയും പണിമുടക്കുമെന്ന് എൻജിഒ യൂണിയൻ നേതാക്കൾ അറിയിച്ചു.
സർക്കാർ ജീവനക്കാരുടെ പണിമുടക്ക് വിലക്കി സർക്കാർ ഇന്നു തന്നെ ഉത്തരവിറക്കണമെന്നാണ് ഹൈക്കോടതി രാവിലെ നിർദേശിച്ചത്.