കെട്ടിട നികുതി കൂട്ടാനൊരുങ്ങി സര്‍ക്കാര്‍

വന്‍കിടക്കാരുടെ കുടിശിക പിരിക്കാനുള്ളത് കോടികള്‍

തിരുവനന്തപുരം: സാധാരണക്കാരുടെ പോക്കറ്റടിക്കാന്‍ പ്രതിവർഷം അഞ്ചു ശതമാനം വർദ്ധന വരുത്തി കെട്ടിട നികുതിയിൽ മാറ്റം വരുത്താൻ സർക്കാർ. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇതിനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്.

അതേസമയം വന്‍കിടക്കാരിൽ നിന്ന് കുടിശിക ഇനത്തിൽ കിട്ടാനുള്ള കോടികള്‍ പിരിച്ചെടുക്കാൻ യാതൊരു നടപടിയുമില്ല. ഫലത്തിൽ പുതിയ ഭാരം ചുമക്കുന്നത് സാധാരണക്കാരായിരിക്കും.

ഈ സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ട് മാസം മാത്രം ശേഷിക്കേ 1800 കോടിയിലേറെ രൂപയാണ് പിരിച്ചെടുക്കാനുള്ളത്. പിരിച്ചെടുത്തത് 28.46 ശതമാനം മാത്രം. 71.54 ശതമാനം നികുതിയും ഈടാക്കിയിട്ടില്ല.

വൻകിട കെട്ടിട സമുച്ചയങ്ങളിൽ നിന്നും വ്യാപാര കേന്ദ്രങ്ങളിൽ നിന്നുമൊക്കെയാണ് ഇത്രയും പിരിച്ചെടുക്കാനുള്ളത്. 15.88ശതമാനം മാത്രമാണ് ഇവരിൽ നിന്നായി ഇതുവരെ പിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുള്ളത്.

2022-23 സാമ്പത്തിക വർഷത്തിൽ 2603.35 കോടി പിരിച്ചു കിട്ടാനുള്ളതിൽ 740.76 ശതമാനം മാത്രമാണ് പിരിച്ചെടുക്കനായത്. അതായത് 28.46 ശതമാനം. 71.54 ശതമാനം ഇനിയും പിരിച്ചെടുക്കാനുണ്ട്.

കോർപറേഷനുകളിൽ 84.12 ശതമാനവും മുൻസിപ്പാലിറ്റികളിൽ 77.10 ശതമാനവും പഞ്ചായത്തുകളിൽ 42.88 ശതമാനവുമാണ് പിരിച്ചെടുക്കാനുള്ളത്.

തദ്ദേശ സ്ഥാപനങ്ങൾക്ക് മതിയായ വരുമാനമില്ലെന്ന ആക്ഷേപമാണ് നികുതി വർധിപ്പിക്കുന്നതിനുള്ള ന്യായമായി വകുപ്പ് പറയുന്നത്.

എന്നാൽ കെട്ടിട നികുതി കൃത്യമായി പിരിച്ചെടുത്താൽ തദ്ദേശ സ്ഥാപനങ്ങൾക്ക് മതിയായ വരുമാനമാകും. അതിന് തയ്യാറാകാതെയാണ് കെട്ടിടനികുതി വർദ്ധിപ്പിക്കുന്നത്.

Related Articles

Back to top button