ദിലീപിനും കൂട്ടുപ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: ദിലീപിനും കൂട്ടുപ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ജാമ്യം.

കേസിന്റെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണു വിധി പറഞ്ഞത്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ മാസം പത്തിനാണ് ദിലീപ് അടക്കമുള്ളവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

അറസ്റ്റ് തടഞ്ഞ കോടതി ദിലീപ് അടക്കമുള്ളവരോടു ചോദ്യം ചെയ്യാനാനായി മൂന്നു ദിവസം ഹാജരാകാന്‍ നിര്‍ദേശം നല്‍കി. ചോദ്യംചെയ്യലില്‍ ലഭിച്ച വിവരങ്ങളും രേഖകളും മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കാനും പ്രോസിക്യൂഷനു നിര്‍ദേശം നല്‍കി.

അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി.

സംഭാഷണങ്ങളുടെ റിക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു.

ദിലീപ് അടക്കമുള്ളവര്‍ ഉപയോഗിച്ച 7 ഫോണുകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി.

ഫോണുകള്‍ ഹൈക്കോടതി റജിസ്ട്രാര്‍ ജനറലിനു മുന്നില്‍ ഹാജരാക്കാന്‍ തുടര്‍ന്നു കോടതി നിര്‍ദേശം നല്‍കി. തുടര്‍ന്ന് 6 ഫോണുകള്‍ ജനുവരി 31ന് മുദ്രവച്ച കവറില്‍ കൈമാറി.

ഫോണുകള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പരിശോധന നടത്തണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടതോടെ കേസ് പരിഗണിക്കുന്ന ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിക്ക് ഇവ കൈമാറാന്‍ നിര്‍ദേശിച്ചു.

അന്വേഷണ ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തുകയാണെന്നും വ്യാജതെളിവുകള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് കേസിന് പിന്നിലെന്നുമാണ് ദിലീപിന്റെ വാദം. തന്നോടു വ്യക്തിവൈരാഗ്യമുള്ള ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രമാണുള്ളത്. ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ലെന്നും വാദിച്ചു.

സമാനതകളില്ലാത്ത കേസാണിതെന്നും ഗൂഢാലോചന നടത്തിയതിനും തുടര്‍നടപടികളെടുത്തതിനും തെളിവുകളുണ്ടെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു.

ദിലീപ് അടക്കമുള്ളവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് പ്രതികള്‍ ഫോണുകള്‍ മാറ്റിയതു തന്നെ ഗൂഢാലോചനയ്ക്കു തെളിവാണെന്നും അറിയിച്ചു.

ഫോണുകള്‍ മുംബൈയിലേക്ക് കടത്തിയത് അന്വേഷണം അട്ടിമറിക്കാനാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജിയും ദിലീപിനായി സീനിയര്‍ അഭിഭാഷകന്‍ ബി.രാമന്‍ പിള്ളയും ഹാജരായി.

Related Articles

Back to top button