തൃശൂർ: കെഎസ്ആർടിസി സ്റ്റാന്റിലെത്തുന്ന യാത്രക്കാരെ ലഘു ഭക്ഷണം നൽകി സ്വീകരിക്കാൻ ഇനി ‘ഓൺ വീലിൽ’ മിൽമയുണ്ടാകും.
ജില്ലയിൽ കെഎസ്ആർടിസിയും മിൽമയും കൈകോർക്കുന്ന ‘മിൽമ ബസ് ഓൺ വീൽസ്’ പദ്ധതിക്ക് ക്ഷീര വികസന വകുപ്പ്മന്ത്രി ജെ. ചിഞ്ചുറാണി ‘ഡബിൾ ബെൽ’ നൽകി.
മിച്ചംവരുന്ന പാൽ പാൽപ്പൊടിയാക്കി സംസ്കരിച്ച് സൂക്ഷിക്കുവാനുള്ള സംവിധാനം കേരളത്തിൽ വേണമെന്നും കോവിഡ് പ്രതിസന്ധിയിൽ മിച്ചം വന്ന പാൽ ഇതരസംസ്ഥാന തൊഴിലാളികൾ, അങ്കണവാടി കുഞ്ഞുങ്ങൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, കോവിഡ് രോഗികൾ എന്നിവർക്ക് വിതരണം ചെയ്ത മിൽമയുടെ നടപടി പ്രശംസാർഹമാണെന്നും മന്ത്രി പറഞ്ഞു.
ആകർഷകമായി സജ്ജീകരിച്ച കെഎസ്ആർടിസി ബസ്സിൽ ഒരുക്കിയ മിൽമ സ്റ്റാളുകൾ ആണ്
‘മിൽമ ബസ് ഓൺ വീൽസ്’ എന്ന വിപണന പദ്ധതി.
മിൽമയുടെ എല്ലാ ഉത്പന്നങ്ങളും ഇവിടെനിന്നും ആവശ്യക്കാർക്ക് വാങ്ങാനാകും. കൂടാതെ നാല് പേർക്ക് ഇരുന്ന് ലഘുഭക്ഷണം കഴിക്കാനുള്ള സൗകര്യവും ബസ്സിനുള്ളിൽ ഒരുക്കിയിട്ടുണ്ട്.
കെഎസ്ആർടിസിയുടെ പഴയ ബസ്സുകളാണ് ഇതിനായി രൂപമാറ്റം വരുത്തി ഉപയോഗപ്പെടുത്തുന്നത്. പദ്ധതിയിലൂടെ മാസ വാടക ഇനത്തിൽ ലഭിക്കുന്ന അധിക വരുമാനം കെഎസ്ആർടിസിക്ക് മുതൽക്കൂട്ടാകും.
പദ്ധതി വിജയമാകുന്നതനുസരിച്ച് മേഖലാ യൂണിറ്റിന് കീഴിലുള്ള എല്ലാ പ്രധാന കെഎസ്ആർടിസി സ്റ്റാൻഡുകളിലും പദ്ധതി നടപ്പാക്കുമെന്ന് ചെയർമാൻ ജോൺ തെരുവത്ത് അറിയിച്ചു.
ക്ഷീര കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിച്ച് കോവിഡിന്റെ പ്രതിസന്ധിയിലും കാർഷികമേഖലയ്ക്ക് താങ്ങായി നിന്ന പൊതുമേഖലാ സ്ഥാപനമാണ് മിൽമ.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇൻസെന്റീവായി 5.5 കോടി രൂപ മിൽമ ക്ഷീരകർഷകർക്ക് വിതരണം ചെയ്തിരുന്നു. മിൽമ ഓൺ വീൽസ് പദ്ധതി ഉൾപ്പെടെയുള്ള നൂതനവിപണന മാർഗങ്ങൾ നടപ്പിലാക്കാനും ഓൺലൈൻ വിപണനം ശക്തിപ്പെടുത്താനും മിൽമ ബജറ്റിൽ വിഭാവനം ചെയ്തിട്ടുണ്ട്.