തിരുവനന്തപുരം: സാധാരണക്കാരന്‍റെ ദുരിതം കൂട്ടി നിത്യോപയോഗ സാധനങ്ങളുടെ വില അടുത്ത ദിവസം മുതൽ വർധിക്കും. ജനജീവിതത്തെ സാരമായി ബാധിക്കുന്ന വിലക്കയറ്റമാണ് ഇനി ഓരോ കുടുംബത്തേയും കാത്തിരിക്കുന്നത്.
അരിയും പയറും ഗോതമ്പും പാലും മത്സ്യവും മുതൽ ആശുപത്രി മുറികളും പെൻസിലിനും വരെ വില കൂടും.
അരിയും ഭക്ഷ്യധാന്യങ്ങളും അടക്കമുള്ള ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നികുതി പാക്കറ്റിലാക്കി വിൽപന നടത്തുന്ന സാധനങ്ങൾക്കു കൂടി ബാധകമാക്കാൻ ജിഎസ്ടി കൗണ്‍സിൽ തീരുമാനിച്ചതോടെയാണ് ജനങ്ങൾക്ക് ഇരുട്ടടിയാകുന്നത്. പാക്കറ്റിൽ അല്ലാതെ ചില്ലറയായി തൂക്കി നൽകുന്ന ഭക്ഷ്യധാന്യങ്ങൾക്കു വില ഉയരില്ല.
ഇപ്പോൾ വിപണിയിലുള്ള 75 ശതമാനത്തിനു മുകളിലുള്ള സാധനങ്ങൾക്കും ഇതോടെ നികുതി വേണ്ടി വരും. പാക്കറ്റിലുള്ള തൈര്, മോര്, ലസി എന്നിവയ്ക്കും അരി, ഭക്ഷ്യധാന്യങ്ങൾക്കും ബാങ്ക് നൽകുന്ന ചെക്ക് ബുക്കിനുമടക്കം വില കൂടും.
കോവിഡ് പ്രതിസന്ധിക്ക് ശേഷം സംസ്ഥാനങ്ങളുടെ നികുതിവരുമാനം ഗണ്യമായി കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം മുതൽ ജിഎസ്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതും കേന്ദ്രസർക്കാർ നിർത്തി വച്ചു.
ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങളുടെ നികുതിവരുമാനം വർധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് നിത്യോപയോഗ സാധനങ്ങളെ നികുതിഘടനയിലേക്ക് കൊണ്ടുവന്നത്.
നികുതി വെട്ടിപ്പു തടയുന്നതിനാണ് ബ്രാൻഡഡ്, ബ്രാൻഡഡ് അല്ലാത്തത് എന്ന വ്യത്യാസമില്ലാതെ നികുതി ഏർപ്പെടുത്തിയതിന് കാരണമായി പറയുന്നത്.
പ്രീപാക്ക് ചെയ്ത മാംസം (ഫ്രോസണ്‍ അല്ലാത്തത്), മീൻ, ശർക്കര, തേൻ എന്നിവയ്ക്കും വില ഉയരും. ചെക്ക് ബുക്കിന് 18 ശതമാനമാണ് പുതിയനികുതി. ഇത് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈടാക്കും.
ദിവസം 5000 രൂപയ്ക്കു മുകളിൽ വാടകയുള്ള ആശുപത്രി മുറികൾക്ക് ഇന്നു മുതൽ അഞ്ച് ശതമാനം നികുതി ഈടാക്കും. ദിവസം 1000 രൂപയിൽ താഴെയുള്ള ഹോട്ടൽമുറി വാടകയിൽ 12 ശതമാനം നികുതി ചുമത്തും. നിലവിൽ ഇവ രണ്ടിനും ജിഎസ്ടി ബാധകമായിരുന്നില്ല.