ആധാര്‍ ലഭ്യമാക്കുന്ന മാര്‍ഗ നിര്‍ദേശത്തില്‍ മാറ്റം വരുത്തി കേന്ദ്രം

ന്യൂഡല്‍ഹി: ആധാര്‍ മാര്‍ഗ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ ലഭിക്കുന്നതിന് വിരലടയാളവും ഐറിസ് സ്‌കാനും ആവശ്യമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ചട്ടം. എന്നാല്‍ വിരലടയാളം നല്‍കാന്‍ കഴിയാത്തവര്‍ക്ക് ഐറിസ് സ്‌കാന്‍ ചെയ്ത് ആധാര്‍ നേടാം.

വിരലടയാളം തെളിയാത്തതിന്റെ പേരില്‍ ആധാര്‍ നിഷേധിക്കപ്പെട്ട കോട്ടയം കുമരകത്തെ ജെസി മോളുടെ വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഇത്തരത്തില്‍ ഒരു മാറ്റമുണ്ടായത്.

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) സംഘം കുമരകത്തെ വീട്ടിലെത്തിയാണ് ജെസി മോള്‍ക്ക് ആധാര്‍ നമ്പര്‍ അനുവദിച്ചത്.

ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ജെസി മോള്‍ക്ക് വിരലുകള്‍ ഇല്ലാത്തതിനാല്‍ ആധാര്‍ ലഭ്യമായിരുന്നില്ല. ജെസി മോള്‍ക്ക് ഉടന്‍ തന്നെ ആധാര്‍ ഉറപ്പാക്കണമെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സഹ മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരുന്നു.

ഐറിസ് സ്‌കാന്‍ പറ്റാത്തവര്‍ക്ക് വിരലടയാളം മാത്രം മതി. ഇവ രണ്ടും സാധ്യമാകാത്തവര്‍ക്കും എന്റോള്‍ ചെയ്യാം. ഇങ്ങനെ എന്റോള്‍ ചെയ്യുന്നവരുടെ പേരും ഫോട്ടോയുമടക്കം സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തണം.

അസാധാരണ എന്റോള്‍മെന്റായി പരിഗണിച്ച് ആധാര്‍ നല്‍കണമെന്നും ആധാര്‍ എന്റോള്‍മെന്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ മതിയായ പരിശീലനം നല്‍കാനും കേന്ദ്രം നിര്‍ദേശം നല്‍കി.

Exit mobile version