തിരുവനന്തപുരം: ഷവര്‍മ തയാറാക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഷവര്‍മ വില്‍പന നടത്തുന്നത് നിയന്ത്രിക്കാനാണ് മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നത്.
ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നീക്കം. ലൈസന്‍സില്ലാതെ ഷവര്‍മ വില്‍പന നടത്തിയാല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയും ആറു മാസം വരെ തടവും ലഭിക്കും.
തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവര്‍മ തയാറാക്കാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നാലു മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവര്‍മയില്‍ ഉപയോഗിക്കരുത്.
പാര്‍സല്‍ നല്‍കുന്ന ഷവര്‍മ പാക്കറ്റുകളില്‍ ഉണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം. വാങ്ങി ഒരു മണിക്കൂറിനകം ഉപയോഗിക്കണമെന്നതു കൃത്യമായി രേഖപ്പെടുത്തണം.
തൊഴിലാളികള്‍ക്ക് കൃത്യമായ പരിശീലനം നല്‍കണം. ഷവര്‍മ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്റ്റാന്‍ഡ് വൃത്തിയുള്ളതും പൊടിപിടിക്കാത്തതും ആയിരിക്കണം.
ഇറച്ചി മുറിക്കാന്‍ വൃത്തിയുള്ള കത്തികള്‍ ഉപയോഗിക്കണം. ഭക്ഷണമുണ്ടാക്കുന്നവര്‍ ഹെയര്‍ ക്യാംപും ഗ്ലൗസും ധരിക്കണം. തൊഴില്‍ദാതാവ് തൊഴിലാളികളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
എഫ്.എസ്.എസ്.എ.ഐ അംഗീകാരമുള്ള വ്യാപാരികളില്‍നിന്നു മാത്രമേ ഷവര്‍മ തയാറാക്കാനുള്ള ഉല്‍പന്നങ്ങള്‍ വാങ്ങാവൂ. ബ്രഡിലും കുബ്ബൂസിലും ഉപയോഗ കാലാവധി രേഖപ്പെടുത്തുന്ന സ്റ്റിക്കറുകള്‍ ഉണ്ടായിരിക്കണം.
ചിക്കന്‍ 15 മിനിട്ടും ബീഫ് 30 മിനിട്ടും തുടര്‍ച്ചയായി വേവിക്കണം. അരിയുന്ന ഇറച്ചി വീണ്ടും വേവിച്ചെന്ന് ഉറപ്പാക്കണം. ബീഫ് 71 ഡിഗ്രി സെല്‍ഷ്യസില്‍ 15 സെക്കന്‍ഡും കോഴിയിറച്ചി 74 ഡിഗ്രി സെല്‍ഷ്യസില്‍ 15 സെക്കന്‍ഡും രണ്ടാമത് വേവിക്കണം.
പാസ്റ്ററൈസ്ഡ് മുട്ട മാത്രമേ മയണൈസ് നിര്‍മാണത്തിന് ഉപയോഗിക്കാവൂ. മയണൈസ് പുറത്തെ താപനിലയില്‍ രണ്ടു മണിക്കൂറിലധികം വയ്ക്കാന്‍ പാടില്ല.
ഉപയോഗിച്ചശേഷം ബാക്കിവരുന്ന മയണൈസ് നാലു ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം. രണ്ടു ദിവസത്തിനുശേഷം ഉപയോഗിക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.