മാലിന്യത്തില്‍ നിന്നും ലാപ്‌ടോപ് പദ്ധതിയുമായി ഹരിതകേരളം മിഷന്‍

പത്തനംതിട്ട: ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്കായി മാലിന്യത്തില്‍ നിന്നും ലാപ്‌ടോപ് പദ്ധതിയുമായി ഹരിതകേരളം മിഷന്‍.

കോവിഡ് കാലത്ത് വിദ്യാഭ്യാസം ഓണ്‍ലൈനായി മുന്നോട്ടു പോകുന്ന ഘട്ടത്തില്‍ പഠനാവശ്യങ്ങള്‍ക്കു സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്കു സമൂഹം ഒന്നാകെ ഒന്നിച്ചുനിന്ന് അതിനാവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന ഇടപെടലുകളും നടന്നു വരികയാണ്.

ഈ സാഹചര്യത്തില്‍ ഹരിത കേരള മിഷന്‍ സമൂഹത്തിനാകെ പ്രയോജനപ്പെടുന്ന ഒരു മാതൃകാ പദ്ധതിക്കു തുടക്കമിടുന്നു.

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ പാഴ് വസ്തുക്കള്‍ ശേഖരിച്ചു മാലിന്യ സംസ്‌കരണം ഫലപ്രദമായി നടന്നുവരുന്നുണ്ട്.

ഇവയില്‍ പലതിനും മെച്ചപ്പെട്ട വിലയും ലഭിക്കുന്നവയാണ്. അതിനാല്‍ അവ ശേഖരിച്ചു വില്‍ക്കുവാനും അതില്‍ നിന്നു ലഭിക്കുന്ന തുക ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്കു പ്രയോജനപ്പെടുത്തുന്ന പദ്ധതിയായ മാലിന്യത്തില്‍ നിന്നും ലാപ്‌ടോപ് എന്ന പദ്ധതിക്കുവേണ്ടി ഉപയോഗിക്കുവാനും തീരുമാനിച്ചിരിക്കുന്നു.

പത്തനംതിട്ട ജില്ലയില്‍ നിന്നും ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത് കുന്നന്താനം സെന്റ് മേരീസ് ഗവ. ഹൈസ്‌കൂളിനെയാണ്. സ്‌കൂളിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ ആരംഭിച്ച് അധ്യാപക ദിനത്തില്‍ സമാപിക്കുന്ന പദ്ധതി പിടിഎ, സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ എന്നിവരെ സഹകരിപ്പിച്ചാണു നടത്തുന്നത്.

ഈ സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡിലും സ്‌കൂളിലെ കുട്ടികള്‍ താമസിക്കുന്ന സമീപ വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം ലക്ഷ്യംവയ്ക്കുന്നത്.

Related Articles

Back to top button