ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

തിരുവനന്തപുരം: ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ഹെല്‍ത്ത് കാര്‍ഡില്ലാത്ത ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല. പൂര്‍ണമായ പരിശോധനയില്ലാതെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാല്‍, ഡോക്ടര്‍മാരുടെ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കും.

ഹോട്ടല്‍ ജീവനക്കാരുടെ താമസസ്ഥലങ്ങളില്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തും.

അതിഥിതൊഴിലാളികള്‍ അടക്കമുള്ളവര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ സാഹചര്യവും ശുചിത്വവും പരിശോധിക്കും. കേരളത്തെ ‘സേഫ് ഫുഡ് ഡെസ്റ്റിനേഷനാ’ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

കേരളത്തിലുള്ളവര്‍ക്കും പുറത്തുനിന്നെത്തുന്നവര്‍ക്കും സംസ്ഥാനത്തെ ഏത് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാവുന്ന സാഹചര്യം സൃഷ്ടിക്കും. ഇതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരിശോധനകള്‍ കര്‍ശനമാക്കും.

ക്രമക്കേടുകള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങളുടെ പേരുവിവരം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version