ന്യൂഡല്‍ഹി: ഉഷ്ണതരംഗം രൂക്ഷമായതോടെ രാജ്യത്തിന്റെ വിവിധ മേഖലകളും ചുട്ടു പൊള്ളുന്നു. കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വരും ദിവസങ്ങളില്‍ താപനില ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഡല്‍ഹിയില്‍ മിക്കയിടങ്ങളിലും നിലവില്‍ 45 ഡിഗ്രിക്ക് മുകളിലാണ് താപനില. രാജ്യതലസ്ഥാനത്ത് നാല് ദിവസം കൂടി ഉഷ്ണതരംഗം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.
അതേസമയം വരും ദിവസങ്ങളില്‍ താപനില 2 ഡിഗ്രി കൂടി ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പകല്‍ സമയത്ത് ആളുകള്‍ തുറസായ സ്ഥലത്ത് നില്‍ക്കുന്നതും ജോലി ചെയ്യുന്നതും ഒഴിവാക്കണമെന്ന് സര്‍ക്കാരുകള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അറബിക്കടലില്‍ ഉണ്ടായ മര്‍ദ്ദ വ്യതിയാനമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉഷ്ണ തരംഗത്തിന് പ്രധാന കാരണം. വരും ദിവസങ്ങളില്‍ രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെങ്കിലും ചൂട് വര്‍ധിക്കും എന്ന് തന്നെ ആണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.