ഹെര്‍ക്കുലീസ് ഓട്ടോമൊബൈല്‍സ് അടച്ചുപൂട്ടൽ ഭീഷണിയിൽ

തിരുവനന്തപുരം: കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വ്യവസായ കേന്ദ്രം അടച്ചുപൂട്ടൽ ഭീഷണിയിൽ.

ആലപ്പുഴ ആസ്ഥാനമായി തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ മാരുതി സുസുക്കിയുടെ ഡീലര്‍ഷിപ്പ് ബിസിനസ് നടത്തിയിരുന്ന ഹെര്‍ക്കുലീസ് ഓട്ടോമൊബൈല്‍സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് വന്‍ സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടലിലേക്ക് പോയിരിക്കുന്നത്.

2021 ജൂൺ 19ല്‍ മാരുതിയുമായുള്ള വ്യാപാരബന്ധം വിച്ഛേദിച്ച നോട്ടീസ് ലഭിച്ചതും കോവിഡ് മഹാമാരിയുടെ തീവ്രവ്യാപനവും ജിഎസ്ടി റദ്ദുചെയ്തതും കമ്പനിയുടെ മുന്നോട്ടുള്ള നടത്തിപ്പ് പരുങ്ങലിലായതായി മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടുന്നു.

നഷ്ടത്തില്‍ പ്രവർത്തിക്കുമ്പോഴും മൂലധനം ഉപയോഗിച്ചു 1000ത്തോളം തൊഴിലാളികളുടെ വേതനം കൃത്യമായി നല്‍കി. 2021 ഏപ്രില്‍ മാസം വരെയുള്ള ശമ്പളം പൂര്‍ണമായും മേയ് മാസത്തിലെ ശമ്പളത്തിന്റെ പകുതിയും നല്‍കിയതായും മാനേജ്‌മെന്റ് വ്യക്തമാക്കി.

ഇതിലൂടെ ഏകദേശം 35 കോടി രൂപ അക്യുമിലേറ്റഡ് നഷ്ടം വന്നിട്ടുണ്ടെന്നു അധികൃതര്‍ പറഞ്ഞു.

പ്രവാസിയായ അബ്ദുല്‍ ലത്തീഫ് 2006 ല്‍ ന്യൂ മൊബൈല്‍ കാര്‍സ് പ്രൈവറ്റ്‌ ലിമിറ്റഡ് എന്ന നഷ്ട്ടത്തിലോടിയ കമ്പനിയെ ടേക്ക് ഓവര്‍ ചെയ്യുകയും അന്ന് 150 ഓളം തൊഴിലാളികള്‍ക്കു ജോലി നല്‍കികൊണ്ട് രൂപീകരിച്ചതാണ് ഹെര്‍ക്കുലീസ് ഓട്ടോമൊബൈല്‍സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ്‌ ലിമിറ്റഡ് കമ്പനി.

കോടിക്കണക്കിനു രൂപയുടെ ഇന്‍ഫ്രാസ്‌ട്രെച്ചര്‍ ഡവലപ്‌മെന്റ് നടത്തിയിട്ടുള്ള കമ്പനിയാണ് ഹെര്‍ക്കുലീസ് ഓട്ടോമൊബൈല്‍സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ്‌ ലിമിറ്റഡ്. സ്ഥാപനം നിലനിര്‍ത്തുന്നതിനായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളിലും ബാങ്ക് അധികൃതരോടും അനുവദിച്ചിട്ടുള്ള വായ്പകളില്‍ ഇളവുവരുത്തുന്നതിനു അപേക്ഷിച്ചിരുന്നു.

സംസ്ഥാന സർക്കാരിൻറെ ധനകാര്യസ്ഥാപനങ്ങള്‍ വഴി സബ്‌സിഡി പലിശ നിരക്കിൽ 50 കോടിയോളം രൂപ ധനസഹായം ലഭിച്ചാല്‍ കമ്പനി തുടർന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നു മാനേജ്‌മെന്റ് അറിയിച്ചു.

കമ്പനി നഷ്ടത്തിലായതോടെ കിട്ടാനുള്ള ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കുമായി ഒരു വിഭാഗം തൊഴിലാളികള്‍ കമ്പനി ഓഫീസുകളിലും മറ്റും കൊടിനാട്ടി. ഓണനാളില്‍ കമ്പനി ഷോറൂമിനു മുന്നില്‍ അരിയില്ലാതെ കഞ്ഞിവച്ചും പ്രതിഷേധിച്ചു.

ഒരുമാസത്തെ വേതനം ആവശ്യപ്പെട്ടാണ് ഒരു വിഭാഗം തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത്.

കഴിഞ്ഞ മൂന്നുമാസമായി കമ്പനി നഷ്ടത്തിലാണെന്ന അറിയിപ്പു ലഭിച്ച ജീവനക്കാരില്‍ 95 % പേരും സഹകരിക്കുന്നുണ്ടെന്നും പലരും രാജിവയ്‌ക്കാതെ മറ്റു സ്ഥാപനങ്ങളില്‍ ജോലിക്കു കയറിയിട്ടുള്ളതായും മാനേജ്‌മെന്റ് അവകാശപ്പെടുന്നു.

ഒരു വിഭാഗം തൊഴിലാളികൾ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും സ്ഥാപനത്തിന് അകത്തുവരെ കൊടി നാട്ടി സ്ഥാപനം അടച്ചുപൂട്ടുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചതായും അധികൃതര്‍ ആരോപിച്ചു.

മാരുതിയില്‍ നിന്ന് വ്യാപാര കരാര്‍ റദ്ദാക്കിയ നോട്ടീസ് ലഭിച്ചുവെങ്കിലും മൂന്നുമാസം വരെ വൈന്‍ഡ് അപ് സമയം ഉണ്ട്. എന്നാല്‍ കമ്പനി പൂട്ടാതിരിക്കാനുള്ള പരിശ്രമത്തിലാണെന്നും തൊളിലാളികളെ ഇത് ധരിപ്പിച്ചിട്ടുണ്ടെന്നും മാനേജ്‌മെന്റ് പ്രതിനിധി അറിയിച്ചു.

കമ്പനിയുടെ കസ്റ്റമര്‍ റിലേറ്റഡ് ആയ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നു പ്രതിനിധി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button